മൂലമറ്റം പവർഹൗസ് മിനിയേച്ചർ മാതൃക നിർമാണം: ഭൂമി കൈമാറി
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതിനിലയമായ മൂലമറ്റം പവർഹൗസ് പൊതുജനങ്ങൾക്ക് സുരക്ഷാ കാരണങ്ങളാൽ സന്ദർശിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, അതിന്റെ മിനിയേച്ചർ മാതൃക നിർമ്മിക്കുന്നതിന് ഭൂമി കൈമാറ്റം നടത്തി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഭൂമി കൈമാറ്റ ചടങ്ങ് നിർവഹിച്ചു.
കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ത്രിവേണി സംഗമത്തിന് സമീപമുള്ള ഒന്നര ഏക്കർ സ്ഥലത്താണ് മിനിയേച്ചർ പവർഹൗസ് മാതൃക യാഥാർത്ഥ്യമാക്കുന്നത്. പദ്ധതി പൂർത്തിയായാൽ വൈദ്യുതിനിലയത്തിന്റെ പ്രവർത്തനം പൊതുജനങ്ങൾക്ക് മാതൃകയായി കാണാൻ അവസരം ലഭിക്കും.
പദ്ധതിയോടൊപ്പം കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ വിവിധ ടൂറിസം പദ്ധതികൾ നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നാടുകാണി കേബിൾ കാർ പദ്ധതിയുടെ സാധ്യതാപഠനത്തിന് സർക്കാർ 29.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിനിയേച്ചർ പവർഹൗസ് നിർമാണവുമായി ബന്ധപ്പെട്ട ഭൂമി കൈമാറ്റ രേഖ കെഎസ്ഇബി ജനറേഷൻ സിവിൽ, ഇലക്ട്രിക്കൽ ആൻഡ് റീസ് ഡയറക്ടർ ജി. സജീവ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറി.
ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ ഹർഷിൽ ആർ. മീണ, ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവൽ സൈമൺ, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യൻ, പഞ്ചായത്തംഗങ്ങളായ സുശീല ഗോപി, ബിജു ജോസഫ്, പി.ഡി. സുമോൻ, കെ.കെ. ആശാമോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.






