പൈപ്പിടാൻ എടുത്ത കുഴി മൂടിയില്ല; കുഴിസിറ്റി–ചേലച്ചുവട് റോഡിൽ പൊടിശല്യം രൂക്ഷം
ആലപ്പുഴ–മധുര ദേശീയപാതയുടെ ഭാഗമായ കുഴിസിറ്റി–ചേലച്ചുവട് റോഡില്‍ ജല്‍ജീവന്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴികള്‍ ഇതുവരെ കോണ്‍ക്രീറ്റ് ചെയ്ത് മൂടാത്തതിനെ തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ദുരിതത്തിലായി.
ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ടാറിംഗ് ഇളക്കി ട്രഞ്ചുകള്‍ നിര്‍മിച്ചെങ്കിലും, നിര്‍മാണത്തിന് ശേഷം കോണ്‍ക്രീറ്റ് ചെയ്ത് റോഡ് പുനഃസ്ഥാപിക്കണമെന്ന നിര്‍ദേശം പാലിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് നിര്‍മിച്ച ഓടകള്‍ ഇന്നും തുറന്ന നിലയിലാണ്.
ഇതോടെ പ്രദേശത്ത് പൊടിശല്യം രൂക്ഷമായി. ശ്വാസതടസം, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങളോടെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. സമീപ പ്രദേശങ്ങളില്‍ താമസിക്കാനും വ്യാപാരം നടത്താനും ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തില്‍ അടിയന്തിരമായി ഓടകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടി റോഡ് പുനഃസ്ഥാപിക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.






