മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; ഓട്ടോ തകർത്തു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി ഭീതിയുണ്ടാക്കി. ഇന്നലെ രാത്രി കടലാർ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ഓട്ടോ ആക്രമിച്ച് തകർത്തു. ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഓട്ടോ ഡ്രൈവറായ കറുപ്പുസ്വാമി ഓട്ടം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് രാത്രി പടയപ്പയുടെ മുന്നിൽ പെട്ടത്. ആന ആക്രമണത്തിന് ശ്രമിച്ചതോടെ കറുപ്പുസ്വാമി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ആന ഓട്ടോ പൂർണമായും തകർത്തു.
ഇടുത്ത ദിവസങ്ങളിലും പടയപ്പ വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. നിലവിൽ ആന മദപ്പാടിലാണെന്നാണ് വനംവകുപ്പ് സൂചന. അതിനാൽ മറയൂർ–മൂന്നാർ റോഡിലൂടെ രാത്രി യാത്ര ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇതിനിടെ പീരുമേട് ടൗണിനോട് ചേർന്ന തൊട്ടപ്പുര കോവിലകം ഭാഗത്ത് വീടിനോട് ചേർന്ന് കാട്ടാനയെ കണ്ടെത്തി. നാട്ടുകാർ ബഹളം വെച്ച് ആനയെ തുരത്തുകയായിരുന്നു.
ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.






