കാലാനുസൃതമായി കട്ടപ്പന നഗരത്തില്‍ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ്
കാലാനുസൃതമായി കട്ടപ്പന നഗരത്തില്‍ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.
ഹൈറേഞ്ചിലെ പ്രധാന നഗരമായ കട്ടപ്പന പലപ്പോഴും രൂക്ഷമായ ഗതാഗത കുരുക്കിന്റെ പിടിയിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും അനധികൃത വാഹന പാര്‍ക്കിംഗ് വ്യാപകമായതിനാല്‍ കാല്‍നടയാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. കട്ടപ്പന പൊലീസ് സ്റ്റേഷന് സമീപം മുതല്‍ പള്ളിക്കവല വരെയുള്ള ഭാഗത്ത് ഫുട്ട്പാത്തുകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ഈ മേഖലയിലൂടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ റോഡിലൂടെ സഞ്ചരിക്കേണ്ട സാഹചര്യമുണ്ടെന്നും ഇത് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും പ്രസാദ് വിലങ്ങുപാറ പറഞ്ഞു. പാറക്കടവില്‍നിന്നുള്ള ബൈപാസ് റോഡ് പള്ളിക്കവലയില്‍ സംഗമിക്കുന്നതിനാല്‍ സ്കൂള്‍ സമയങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടുക്കി കവലയിലും അശോക ജംഗ്ഷനിലും ഗതാഗത കുരുക്ക് നിത്യസംഭവമാണെന്നും ബസ് സ്റ്റോപ്പുകളായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങള്‍ പുനര്‍നിര്‍ണയം നടത്തി യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടു. നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ബൈപാസ്, റിംഗ് റോഡുകള്‍ പ്രയോജനപ്പെടുത്തി നഗരത്തിനുള്ളിലെ വാഹനബാഹുല്യം കുറയ്ക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.






