എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് തുടക്കം
നെടുങ്കണ്ടം:ഇടുക്കി രൂപതയുടെ പ്രധാന തീർത്ഥാടന കേന്ദ്രവും “കിഴക്കൻ മലയാറ്റൂർ” എന്നറിയപ്പെടുന്നതുമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് തുടക്കമായി.
വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് നേരം പുലരുന്നതിന് മുൻപേ നൂറുകണക്കിന് വിശ്വാസികൾ കുരിശുമല കയറി ക്രിസ്തുവിന്റെ പീഡാനുഭവ യാത്ര അനുസ്മരിച്ചു.
രാവിലെ 9.30ന് മലഅടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്ന് കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്ര ആരംഭിച്ചു. തുടർന്ന് കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങൾ കടന്ന് മലമുകളിൽ എത്തിയ വിശ്വാസികൾ തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലി, വചനപ്രഘോഷണം, നേർച്ചകഞ്ഞി എന്നിവയിൽ പങ്കെടുത്തു.
തിരുകർമ്മങ്ങൾക്ക് തൂക്കുപാലം സെന്റ് ആൻറണീസ് ദേവാലയം വികാരി ഫാ. തോമസ് വലിയമംഗലം നേതൃത്വം നൽകി.
വലിയ നോമ്പുകാലത്ത് എല്ലാ ദിവസങ്ങളിലും രാത്രിയിൽ കുരിശുമല കയറുന്നതിനായി ആവശ്യമായ വെളിച്ചവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച ഒഴികെ വൈകുന്നേരം 7 മണിക്ക് കുരിശുമല ദേവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കുമെന്ന് തീർത്ഥാടക ദേവാല ഡയറക്ടർ ഫാ. ജോസഫ് ചുനയൻ മാക്കൽ, അസിസ്റ്റന്റ് വികാരി ഫാ. നിർമൽ കളത്തിക്കാട്ടിൽ എന്നിവർ അറിയിച്ചു.






