കോളപ്ര–കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു
ടൂറിസം സാധ്യതകളുടെ പരിപോഷണം നാടിന്റെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോളപ്ര–കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറിഗേഷൻ വകുപ്പ് ജലസേചന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടൂറിസം സാധ്യതകളെയും പ്രയോജനപ്പെടുത്താനാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഭവങ്ങളുടെ കൃത്യമായ ഉപയോഗത്തിലൂടെയാണ് വികസനം സാധ്യമാകുന്നതെന്നും അതിന് ഉത്തമ ഉദാഹരണമാണ് കോളപ്ര–കാഞ്ഞാർ ടൂറിസം പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ ചിത്രീകരണത്തിന് അനുയോജ്യമായ പ്രദേശമായതിനാൽ ഈ പദ്ധതി വലിയ മുതൽക്കൂട്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വികസനത്തിന്റെ പാതയിലുള്ള ഇടുക്കിയിൽ മികച്ച നിലവാരമുള്ള റോഡുകളാണ് നിലവിലുള്ളത്. ഇന്ന് ഉദ്ഘാടനം ചെയ്ത മലയോര ഹൈവേ അതിന്റെ ഉദാഹരണമാണ്. റോഡുകളുടെ വികസനം ടൂറിസം മേഖലയുടെയും വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം, ആയുർവേദ ചികിത്സാരംഗം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവ ടൂറിസം രംഗത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണെന്നും ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുടയത്തൂർ പഞ്ചായത്തിന് മുന്നിലുള്ള ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം വോളിബോൾ കോർട്ട് നവീകരണത്തിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി ഉടൻ അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി പ്രോജക്‌ട് കോർഡിനേറ്റർ സിജോ വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് എഫ്.എസ്.ഐ.ടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും എം.ഡിയുമായ വി.പി. ഹബീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.
കുടയത്തൂർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, കെഐഐഡിസി അഡീഷണൽ സി.ഇ.ഒ ബാജി ചന്ദ്രൻ ആർ, എം.വി.ഐ.പി സൂപ്രണ്ടിങ് എഞ്ചിനീയർ ബാലശങ്കർ, ടൂറിസം പ്രമോഷൻ കൗൺസിൽ സംഘാടകസമിതി പ്രസിഡന്റ് ഫ്രാൻസിസ് കരിമ്പാനി തുടങ്ങിയവർ പങ്കെടുത്തു.






