ഉടുമ്പൻചോലയിൽ കെ.കെ ജയചന്ദ്രൻ
എം.എം മണിയും എ.സി മൊയ്തീനും മത്സരരംഗത്ത് ഇല്ല
ഉടുമ്പൻചോല നിയമസഭ മണ്ഡലത്തിൽ മുൻ മന്ത്രി എം.എം മണിയെ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. അദ്ദേഹത്തിന് പകരം കെ.കെ ജയചന്ദ്രനെ സ്ഥാനാർഥിയാക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ധാരണയിലെത്തിയത്.
മുൻ മന്ത്രിമാരായ എം.എം മണിയെയും എ.സി മൊയ്തീനെയും ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്. കുന്നംകുളം മണ്ഡലത്തിൽ എ.സി മൊയ്തീന് പകരം ആരെ സ്ഥാനാർഥിയാക്കണമെന്ന കാര്യത്തിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം ഉണ്ടാകും.
ഇടുക്കി ജില്ലാ നേതൃത്വം സമർപ്പിച്ച സ്ഥാനാർഥി പട്ടികയിൽ എം.എം മണിയുടെ പേര് ഉൾപ്പെടുത്തിയിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വമാണ് പട്ടികയിൽ മാറ്റം വരുത്തിയത്. തുടർന്ന് കെ.കെ ജയചന്ദ്രനെ ഉടുമ്പൻചോലയിൽ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഈ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് യോഗം അംഗീകരിക്കുമെന്നാണ് വിവരം.
ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രാഥമിക ചർച്ചയിൽ എം.എം മണിയെ വീണ്ടും മത്സരിപ്പിക്കണമെന്ന നിർദേശം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അദ്ദേഹത്തിന് സീറ്റ് നൽകുന്നതിൽ അനുകൂല നിലപാട് ഉണ്ടായില്ല. എം.എം മണിയുടെ പ്രായം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായതായി സൂചനയുണ്ട്.
ഉടുമ്പൻചോല വിജയ സാധ്യതയുള്ള മണ്ഡലമാണെന്നും പുതിയ സ്ഥാനാർഥിയെ രംഗത്തിറക്കേണ്ട സമയമാണെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.






