മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്‍ അന്തരിച്ചു (90). കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1962 മുതല്‍ എ.ഐ.സി.സി അംഗമായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്‍. 1960ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ടാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1971ല്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കെ.പി. ഉണ്ണികൃഷ്ണന്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1989-90 കാലഘട്ടത്തില്‍ വി.പി. സിങ് മന്ത്രിസഭയില്‍ ടെലി കമ്മ്യൂണിക്കേഷന്‍, ഷിപ്പിങ്, ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് (യു), കോണ്‍ഗ്രസ് (എസ്)ലേക്കും അദ്ദേഹം കളം മാറിയിരുന്നെങ്കിലും 1995ല്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയിരുന്നു
നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും ബോംബൈ സമാജ്‌വാദി യുവക്‌സഭയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.





