ജില്ലാ മെഡിക്കല്‍ ഓഫീസിന് മുന്നില്‍ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം; കിടത്തിച്ചികിത്സ വെള്ളിയാഴ്ച മുതല്‍ പുനരാരംഭിക്കും
ആശുപത്രിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, വാത്തിക്കുടി പഞ്ചായത്ത്, കഞ്ഞിക്കുഴി പഞ്ചായത്ത് ജനപ്രതിനിധികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
രണ്ട് ഡോക്ടര്‍മാരെ എന്‍എച്ച്‌എം മുഖേന നിയമിക്കാമെന്നും വെള്ളിയാഴ്ച മുതല്‍ കിടത്തിച്ചികിത്സ ആരംഭിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കുവേണ്ടി ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ് ബ്ലോക്ക് പഞ്ചായത്തിന് രേഖാമൂലം കത്ത് നല്‍കി. ഇതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോണാ ട്രീസ ജോബി, മോളി ടോമി, വി.എ. ഉലഹന്നാന്‍, വാത്തിക്കുടി പഞ്ചായത്തംഗങ്ങളായ ബിജോ പുളിമൂട്ടില്‍, ഡോളി തോമസ്, ജോബി ചാലില്‍ എന്നിവര്‍ സംസാരിച്ചു.
2004ല്‍ ആരംഭിച്ച കിടത്തിച്ചികിത്സ, ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥ മൂലം 2025 ജൂലൈയില്‍ നിലച്ചതായി ജനപ്രതിനിധികള്‍ ആരോപിച്ചു. ആവശ്യമായ ഡോക്ടര്‍മാരെയും സ്റ്റാഫിനെയും സമയബന്ധിതമായി നിയമിക്കാത്തതുമൂലമാണ് ചികിത്സാ സേവനം നിലച്ചതെന്നും അവർ ചൂണ്ടിക്കാട്ടി





