ഡോക്ടർമാരില്ലാതെ അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങി; പ്രതിഷേധം
അടിമാലി താലൂക്കാശുപത്രിയിൽ ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്താൻ ഡോക്ടർമാർ ഇല്ലാതിരുന്നതിനെ തുടർന്ന് പ്രതിഷേധം ഉയർന്നു. പോസ്റ്റ്മോർട്ടം ഡ്യൂട്ടിയിലുണ്ടായിരിക്കേണ്ട ജീവനക്കാർ മറ്റൊരു പോസ്റ്റ്മോർട്ടം നടപടിക്കായി മറയൂരിലേക്ക് പോയതാണ് പ്രശ്നങ്ങൾക്ക് കാരണം.
വെള്ളിയാഴ്ച വൈകുന്നേരം മരിച്ച കുത്തുപ്പാറ സ്വദേശിയായ പാറയ്ക്കൽ ജയന്റെ (54) മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ എത്തിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ ഇല്ലാതിരുന്നതിനാൽ ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതെ വന്നു.
ഇതോടെ വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസും അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മാക്സിൻ ആന്റണിയുമടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റ്മോർട്ടം വൈകിയതോടെ മരിച്ചയാളുടെ ബന്ധുക്കളും പ്രതിസന്ധിയിലായി.
ഇതിനിടെ ഇരുമ്പുപാലത്തിനു സമീപം വാഹനാപകടത്തിൽ മരിച്ച കന്യാകുമാരി സ്വദേശി ആകാശിന്റെ (21) മൃതദേഹവും താലൂക്കാശുപത്രി മോർച്ചറിയിൽ എത്തിച്ചു. പഞ്ചായത്തംഗങ്ങളും പൊതുപ്രവർത്തകരും പ്രതിഷേധവുമായി എത്തിയതോടെ താലൂക്കാശുപത്രിയുടെ വാഹനത്തിൽ കുത്തുപ്പാറ സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കിയിലേക്ക് കൊണ്ടുപോയി.
ജില്ലാ മെഡിക്കൽ ഓഫീസറുടെ ഇടപെടലാണ് ഈ പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ആരോപിച്ചു.





