സംയുക്ത പരിശോധനയിൽ തൊടുപുഴയിൽ നിന്നും 900 കിലോയിലധികം നിരോധിത ഫ്ളക്സുകൾ പിടികൂടി
തൊടുപുഴ : ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്-ഉം തൊടുപുഴ നഗരസഭ സ്‌ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 900 കിലോയിലധികം നിരോധിത മെറ്റീരിയലുകളും അവ ഉപയോഗിച്ച് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സുകളും ബാനറുകളും പിടിച്ചെടുത്തു.
നഗരസഭ പരിധിയിലെ വിവിധ പ്രിന്റിംഗ് പ്രസുകളിൽ നിന്ന് ഫ്ളക്സുകൾ ഫ്രെയിം ചെയ്ത് വിതരണം ചെയ്തിരുന്ന മങ്ങാട്ടുകവലയ്ക്ക് സമീപമുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് നിരോധിത ഫ്ളക്സുകൾ പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹരിത ചട്ടം പാലിക്കാതെ, ഹൈക്കോടതി ഉത്തരവുകളും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ വ്യവസ്ഥകളും ലംഘിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനിരുന്ന പ്രചാരണ ഫ്ളക്സുകളും അനുബന്ധ സാമഗ്രികളും ആണ് പിടിച്ചെടുത്തത്.
പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇത്തരത്തിലുള്ള നിരോധിത സാമഗ്രികൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.





