വേനൽമഴയുടെ കുറവ് ഏലം കൃഷിക്ക് തിരിച്ചടിയാകുന്നു ; ഉത്പാദനം കുത്തനെ കുറഞ്ഞു
വില കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ
ഇടുക്കി: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലഭിക്കേണ്ട വേനൽമഴ കൃത്യമായി ലഭിക്കാത്തത് ഏലം കൃഷിയെ സാരമായി ബാധിച്ചു. ജൂൺ മാസത്തിലെ ആദ്യ വിളവെടുപ്പിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഏലക്കായുടെ ഉത്പാദനം നാലിലൊന്നായി കുറഞ്ഞതായി കർഷകർ പറയുന്നു.
ഉത്പാദനത്തിൽ മാത്രമല്ല, ഏലക്കായുടെ ഗുണനിലവാരത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ചെടികളിൽ ഉണ്ടാകുന്ന കായകളുടെ എണ്ണവും വലിപ്പവും കുറഞ്ഞതിനൊപ്പം, ഏലക്കായുടെ സ്വാഭാവികമായ പച്ചനിറത്തിനും മങ്ങലേറ്റതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും കൂടുതൽ വിളവ് ലഭിക്കേണ്ട ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഉത്പാദനം കുറയാനാണ് സാധ്യത. ഇതിനിടെ ക്രമരഹിതമായ മഴയെ തുടർന്ന് പീരുമേട് മേഖലയിലെ നിരവധി തോട്ടങ്ങളിൽ ഏലച്ചെടികൾക്ക് അഴുകൽ രോഗം വ്യാപിക്കുന്നതും കർഷകർക്ക് വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.
ഓൺലൈൻ പൂളിങ് സംവിധാനം ആരംഭിച്ചു
ഏലം കൃഷിയും വിപണനവും കൂടുതൽ സുതാര്യമാക്കുന്നതിനായി സ്‌പൈസസ് ബോർഡ് ഓൺലൈൻ പൂളിങ് സംവിധാനം ആരംഭിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ കർഷകർക്ക് അപേക്ഷിക്കാം.
പദ്ധതിയുടെ ഭാഗമായി ഏലം തോട്ടങ്ങളുടെ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ കർഷകനും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. സ്‌പൈസസ് ബോർഡിന്റെ ലൈസൻസുള്ള ഡിപ്പോകളിൽ ഏലം ലേലം ചെയ്യാൻ ഇനി മുതൽ പൂളിങ് നമ്പർ നിർബന്ധമായിരിക്കും.
പുതിയ സംവിധാനത്തിലൂടെ ഏലത്തിന്റെ യഥാർത്ഥ ഉത്പാദന വിവരങ്ങളും വിപണിയിലെ വരവും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് സ്‌പൈസസ് ബോർഡ് അറിയിച്ചു. കർഷകർ തങ്ങളുടെ തോട്ടങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ എത്രയും വേഗം സമീപത്തെ സ്‌പൈസസ് ബോർഡ് ഓഫീസുകളിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഉത്പാദനം കുറഞ്ഞു; വിപണിയിൽ റെക്കോർഡ് വില
ഉത്പാദനം കുറഞ്ഞതോടെ ഏലക്കയ്ക്ക് വിപണിയിൽ മികച്ച വിലയാണ് ലഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വണ്ടൻമേട്ടിൽ നടന്ന സ്‌പൈസസ് ബോർഡ് ഏല ലേലത്തിൽ കർഷകർക്ക് ലഭിച്ച ഉയർന്ന വില കിലോഗ്രാമിന് 3556 രൂപ ആയിരുന്നു. ശരാശരി വില 2585 രൂപ വരെ ലഭിച്ചു. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി സൂചന.



