മുല്ലപ്പെരിയാർ ഡാം സുരക്ഷാ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കിയത് ഏകപക്ഷീയ നടപടി: ഡീൻ കുര്യാക്കോസ് എം.പി
മുല്ലപ്പെരിയാർ ഡാം സുരക്ഷാ പരിശോധന സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി ഏകപക്ഷീയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലിന് എം.പി കത്ത് നൽകി.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ) നിലവിൽ വന്നതിനെ തുടർന്ന് സമഗ്രമായ ഡാം സുരക്ഷാ പരിശോധന (സി.ഡി.എസ്.ഇ) പ്രകാരമുള്ള തുടർനടപടികളുടെ ഭാഗമായാണ് നിഷ്പക്ഷ വിദഗ്ധർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചത്.
ഈ കമ്മിറ്റിയിലേക്ക് കേരള സർക്കാർ നിർദേശിച്ച പ്രതിനിധിയായ ടി.കെ. ശിവരാജനെ ഏകപക്ഷീയമായി നീക്കിയതായാണ് എം.പി ആരോപിച്ചത്. കേരള സർക്കാർ മൂന്ന് പേരുകൾ നിർദേശിച്ചിരുന്നതിൽ നിന്ന് കേന്ദ്ര ജല കമ്മീഷൻ മുൻ ചീഫ് എൻജിനിയർ കൂടിയായ ശിവരാജന്റെ പേര് ഉൾപ്പെടുത്തിയത് എൻ.ഡി.എസ്.എ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു മുന്നറിയിപ്പും നൽകാതെ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിയത് ഫെഡറൽ ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും, തമിഴ്നാട് സർക്കാർ നിർദേശിച്ച പ്രതിനിധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പ്രതിനിധിയെ മാറ്റാനുള്ള കാരണങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ട ബാധ്യത എൻ.ഡി.എസ്.എയ്ക്കുണ്ടെന്നും എം.പി വ്യക്തമാക്കി.
പകരം പ്രതിനിധിയെ നിർദേശിക്കാനുള്ള അവസരം പോലും കേരളത്തിന് നൽകാതെ എൻ.ഡി.എസ്.എ തന്നെ പുതിയ ആളെ തീരുമാനിച്ചത് നീതിരഹിതമായ നടപടിയാണെന്നും, ഇതിലൂടെ കേരളത്തിന്റെ ഭാഗം അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര സർക്കാർ ഇടപെട്ട് നടപടി തിരുത്തണമെന്നും, സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്ത് പരിഗണിച്ച് കേരളത്തിന്റെ പ്രതിനിധിയെ സമിതിയിൽ പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.



