ധർമേന്ദ്ര പ്രധാൻ രാജി സമരവിജയത്തിന്റെ തെളിവെന്ന് സി.പി.ഐ
തൊടുപുഴ: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ യുവജനങ്ങളും വിദ്യാർഥികളും നടത്തിയ സമരങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയതിന്റെ തെളിവാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു.
ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊരുതുന്ന യുവതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊടുപുഴ മുനിസിപ്പൽ മൈതാനത്തിന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ എ.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷ്, ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.കെ. സജിമോൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലോമി മോൾ കെ.ആർ., ജില്ലാ കമ്മിറ്റി അംഗം അജിഷ് സി.ജി., വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ ചെയർമാൻ പി.കെ. ജബ്ബാർ എന്നിവർ സംസാരിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്. ശ്രീകുമാർ സ്വാഗതവും തൊടുപുഴ മേഖലാ പ്രസിഡന്റ് ആശാ സി.ജി നന്ദിയും രേഖപ്പെടുത്തി.




