ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഇടുക്കി: ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ റിമുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ വീട്ടുപരിസരത്ത് നിന്ന് പെൺകുട്ടിയെ ബലമായി കൊണ്ടുപോയെന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് 7.30ഓടെ വീട്ടിലെത്തിയ പെൺകുട്ടി ആംഗ്യഭാഷയിലൂടെ നടന്ന സംഭവം വീട്ടുകാരെ അറിയിച്ചു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല പൊലീസ് അന്വേഷണം നടത്തി പ്രതിയെ അന്നുതന്നെ രാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യംചെയ്യലിൽ തനിക്ക് 20 വയസാണെന്ന് പ്രതി അവകാശപ്പെട്ടെങ്കിലും താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 16 വയസ് രേഖപ്പെടുത്തിയ ആധാർ കാർഡ് കണ്ടെത്തി. പിന്നീട് നടത്തിയ വിശദ പരിശോധനയിൽ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ വ്യാജരേഖ ചമച്ചതിനടക്കം കൂടുതൽ വകുപ്പുകൾ ചുമത്തി നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, നാല് മാസം മുമ്പ് ഉടുമ്പൻചോലയിൽ ഒരു യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ നിലവിൽ ആ കേസിൽ പ്രതിയുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.




