പ്രൈമറി വിദ്യാലയങ്ങളിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി; ഐ.ടി. പഠനത്തിന് പുതിയ അധ്യായം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രൈമറി വിഭാഗത്തിൽ ഡിജിറ്റൽ പഠനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി നടപ്പാക്കുന്നു. എൽ.പി., യു.പി. വിഭാഗങ്ങളിലെ ഐ.ടി. പഠനം കൂടുതൽ കാര്യക്ഷമവും വിപുലവുമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികളിൽ കളിയിലൂടെയുള്ള പഠനം, സർഗാത്മകത, സ്വയംപഠനശേഷി എന്നിവ വളർത്തിയെടുക്കാൻ പദ്ധതിയിലൂടെ അവസരമൊരുക്കും.
ജികോംപ്രിസ് പോലുള്ള എജ്യുടെയിൻമെന്റ് സോഫ്റ്റ്വെയറുകൾ, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകൾ, ചിത്രരചനയ്ക്കും അനിമേഷനും ആവശ്യമായ സംവിധാനങ്ങൾ എന്നിവ പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിതമായാണ് ഒരുക്കിയിട്ടുള്ളത്.
കാഴ്ചപരിമിതിയുള്ളവർക്കും മറ്റ് ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റൽ സ്ക്വയർ രൂപകൽപന ചെയ്തിരിക്കുന്നത്.
സാങ്കേതികവിദ്യയുടെ പ്രയോജനം കുട്ടികളിലേക്ക് എത്തിക്കുന്നതിനൊപ്പം 'സൈബർ സുരക്ഷാ പ്രോട്ടോക്കോൾ 2026' നടപ്പിലാക്കി വിദ്യാർഥികളുടെ ഡിജിറ്റൽ സുരക്ഷയും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.




