കുട്ടിക്കാനത്ത് വനംവകുപ്പ് ഭൂമിയിൽ മാലിന്യം തള്ളിയ സംഭവം : നിയമനടപടികൾ സ്വീകരിക്കാൻ പീരുമേട് പഞ്ചായത്ത്
പീരുമേട്: കുട്ടിക്കാനം എം.ആർ.എസ്. സ്കൂളിലേക്കുള്ള റോഡരികിലെ വനംവകുപ്പ് ഭൂമിയിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് വ്യാപകമായി മാലിന്യം തള്ളിയ സംഭവം കണ്ടെത്തി. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള ജൈവ-അജൈവ മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പീരുമേട് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യക്കൂമ്പാരത്തിൽ നിന്ന് നിർണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.
കൊട്ടാരക്കര–ദിണ്ടുക്കൽ ദേശീയപാതയുടെ റോഡരികിലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിനോദസഞ്ചാര മേഖലയായ കുട്ടിക്കാനത്ത് ഇത്തരത്തിലുള്ള അനധികൃത മാലിന്യ നിക്ഷേപം വർധിച്ചുവരുന്നതായും, പ്രധാനമായും രാത്രികാലങ്ങളിലാണ് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നതെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടിക്കാനം–കട്ടപ്പന സംസ്ഥാനപാതയുടെ വശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾക്ക് അറുതി വരുത്താൻ ശക്തമായ നിരീക്ഷണവും പരിശോധനയും നടത്തുമെന്ന് പീരുമേട് പഞ്ചായത്ത് അറിയിച്ചു. പഞ്ചായത്തിന് പുറത്തുനിന്ന് എത്തി മാലിന്യം തള്ളുന്നവരെയും നിരീക്ഷണത്തിലൂടെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




