എച്ച്.ഐ.വി./എയ്ഡ്സ് ബോധവൽക്കരണം: വിദ്യാർത്ഥികൾക്കായി ക്വിസ്, മാരത്തോൺ മത്സരങ്ങൾ
ഇടുക്കി: കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, നാഷണൽ സർവീസ് സ്‌കീം (NSS) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി./എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ക്വിസ്, മാരത്തോൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം ജൂലൈ 29-ന് രാവിലെ 10.30ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ 8, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരു സ്‌കൂളിൽ നിന്ന് രണ്ട് പേർ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. പൊതുജനാരോഗ്യം, കൗമാരാരോഗ്യം, ആർത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണശീലം, എച്ച്.ഐ.വി./എയ്ഡ്സ്, ലഹരി ഉപയോഗം, സന്നദ്ധ രക്തദാനം, സർക്കാർ ആരോഗ്യപദ്ധതികൾ എന്നിവയാണ് മത്സരവിഷയങ്ങൾ.
ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് യഥാക്രമം ₹5,000, ₹4,000, ₹3,000 ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാന-ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രജിസ്ട്രേഷൻ ജൂലൈ 28-ന് വൈകിട്ട് 3 മണിക്കകം പൂർത്തിയാക്കണം.
കോളേജ് വിദ്യാർത്ഥികൾക്കായുള്ള മാരത്തോൺ ജൂലൈ 30-ന് രാവിലെ 10.30ന് ഇടുക്കി ജില്ലാ കളക്ട്രേറ്റ് ബസ് സ്റ്റോപ്പിൽ നിന്ന് ആരംഭിച്ച് ഇടുക്കി മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ് വരെ 5 കിലോമീറ്റർ ദൂരത്തിലാണ് നടക്കുക. 17 മുതൽ 24 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരു കോളേജിൽ നിന്ന് പരമാവധി അഞ്ച് പേർക്ക് പങ്കെടുക്കാം. വനിത-പുരുഷ വിഭാഗങ്ങളിലായി ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് യഥാക്രമം ₹5,000, ₹4,000, ₹3,000 ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും നൽകും. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനും അവസരമുണ്ട്.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സ്‌കൂൾ/കോളേജിൽ നിന്നുള്ള സാക്ഷ്യപത്രവും പ്രായം തെളിയിക്കുന്ന രേഖയും ഹാജരാക്കണം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9946107341, 9497709645. രജിസ്ട്രേഷൻ ജൂലൈ 29-ന് വൈകിട്ട് 3 മണിക്കകം പൂർത്തിയാക്കണം.




