വാഗമണ്ണിലെ സർക്കാർ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: റോയി കെ. പൗലോസ് എം.എൽ.എ
ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ വരാട്ടുമേട്, മൊട്ടക്കുന്ന് മേഖലകളിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.എൽ.എയുമായ റോയി കെ. പൗലോസ് ആവശ്യപ്പെട്ടു.
മേഖലയിലെ ജനപ്രതിനിധികളുടെയും കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ കൈയേറ്റം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. ടൂറിസം സാധ്യതകൾ ഏറെയുള്ള ഈ മേഖലയിൽ നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമി കൈയേറ്റ മാഫിയ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
വർഷങ്ങളായി വിവിധ നടപടിക്രമങ്ങളിലൂടെയാണ് സർക്കാർ ഭൂമി കൈയേറിയതെന്നും, തട്ടുപാറ പ്രദേശങ്ങളിൽ പുറംപ്രദേശങ്ങളിൽ നിന്ന് മണ്ണ് കൊണ്ടുവന്ന് നിക്ഷേപിച്ച് കപ്പ ഉൾപ്പെടെയുള്ള കൃഷികൾ നടത്തി റവന്യൂ ഭൂമിയെ കൃഷിഭൂമിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജില്ലയ്ക്ക് പുറത്തുനിന്നുള്ള കൈയേറ്റ മാഫിയയും ചില സിനിമാതാരങ്ങളും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പിന്തുണയോടെയും റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയും ഈ ഭൂമിക്കൊള്ള നടന്നതാണെന്ന് റോയി കെ. പൗലോസ് ആരോപിച്ചു.
സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, വരാട്ടുമേട്ടിലെ ചില ഭാഗങ്ങളിലെ കൈയേറ്റങ്ങൾ മുൻപ് ഒഴിപ്പിച്ചെങ്കിലും നടപടികൾ പൂർണമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഗമണ്ണും പരിസര പ്രദേശങ്ങളും ഉൾപ്പെടെ ഇടുക്കി ജില്ലയിലെ ടൂറിസം മേഖലകളിൽ നടന്നതായി ആരോപിക്കുന്ന ഭൂമി കൈയേറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും, ജില്ല സന്ദർശിക്കുന്ന റവന്യൂ മന്ത്രിക്ക് വിശദമായ റിപ്പോർട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
സന്ദർശക സംഘത്തിൽ ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. ഉമർ ഫറൂഖ്, ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്ര എം. രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിത്ത് ദിവാകരൻ എന്നിവരും മറ്റ് കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.




