ദൗത്യസംഘത്തിന് പിടികൊടുക്കാതെ ചക്കക്കൊമ്പൻ : ഇന്ന് നിർണായക ദിനം
ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്ന് നിർണായകമായ മൂന്നാം ദിവസത്തിലേക്ക്. കഴിഞ്ഞ രാത്രി ആനയെ നിരീക്ഷണത്തിൽ കണ്ടെത്താനാകാത്തതോടെ ദൗത്യസംഘം വീണ്ടും തിരച്ചിൽ ആരംഭിക്കും. ഇന്ന് രാവിലെ 7.30ന് ട്രാക്കിങ് സംഘം കാട്ടിലേക്ക് പുറപ്പെടും. ഇന്നലെ ദൗത്യം അവസാനിപ്പിക്കുമ്പോൾ ചെമ്പകത്തൊഴുക്കുടി ഭാഗത്തായിരുന്നു ചക്കക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നത്.
ആനയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ച് മയക്കുവെടിവെക്കാൻ കഴിയാത്തതാണ് തുടർച്ചയായ രണ്ട് ദിവസങ്ങളിലും ദൗത്യത്തിന് തിരിച്ചടിയായത്. ഇടതൂർന്ന ഏലക്കാടും ഉയരത്തിൽ വളർന്നുനിൽക്കുന്ന പുല്ലും ആനയെ കൃത്യമായി നിരീക്ഷിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ആനയുടെ ആക്രമണസ്വഭാവവും ദൗത്യസംഘത്തിന് വെല്ലുവിളിയാണ്.
ദൗത്യത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ എട്ടോടെ തെർമൽ ഡ്രോണിന്റെ സഹായത്തോടെ ആനയുടെ സ്ഥാനം കണ്ടെത്തിയിരുന്നു. ചെമ്പകത്തൊഴുക്കുടി ഭാഗത്ത് നിലയുറപ്പിച്ചിരുന്ന ആനയെ 301 കോളനി ഭാഗത്തേക്ക് നീക്കി സുരക്ഷിതമായ സ്ഥലത്തെത്തിച്ച് മയക്കുവെടിവെക്കാനായിരുന്നു ശ്രമം. എന്നാൽ ആന ദൗത്യസംഘത്തിന് പിടികൊടുത്തില്ല. പിന്നീട് സെറ്റിൽമെന്റിലെ എട്ടേക്കർ ഭാഗത്തേക്ക് നീങ്ങിയ ആന ഇടതൂർന്ന ഏലക്കാട്ടിൽ തുടരുകയായിരുന്നു. അനുയോജ്യമായ സാഹചര്യമില്ലാത്തതിനാലും വെളിച്ചക്കുറവ് അനുഭവപ്പെട്ടതിനാലും വൈകിട്ട് അഞ്ചരയോടെ തിരച്ചിൽ അവസാനിപ്പിച്ചു.
അരിക്കൊമ്പൻ ദൗത്യകാലത്തെ സാഹചര്യങ്ങളിൽനിന്ന് വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഇപ്പോൾ ചിന്നക്കനാലിലുള്ളത്. ഉയരത്തിൽ വളർന്നുനിൽക്കുന്ന പുല്ലും ഇടതൂർന്ന ഏലക്കാടും ആനയെ നിരീക്ഷിക്കുന്നതിനും മയക്കുവെടിവെക്കുന്നതിനും തടസ്സമാകുന്നു. വെള്ളത്തിലിറങ്ങാനും ആന തയ്യാറായിട്ടില്ല.
ദൗത്യത്തിനിടെ ചക്കക്കൊമ്പൻ നാല് മരങ്ങൾ തള്ളിയിട്ടതായും റിപ്പോർട്ടുണ്ട്. ആന തൊഴിലാളികൾ എത്തുന്ന ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യതയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആനയുടെ നീക്കം നിരീക്ഷിച്ച് ജനവാസ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം തടയാൻ വനംവകുപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ട്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.
ഇന്നത്തെ ശ്രമവും പരാജയപ്പെട്ടാൽ ദൗത്യത്തിന് താൽക്കാലികമായി ഇടവേള നൽകാനാണ് വനംവകുപ്പിന്റെ ആലോചന. ദൗത്യം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്. ഡി.കെ. വിനോദ് കുമാർ വ്യക്തമാക്കി. നിലവിലെ സാഹചര്യം ജില്ലാ കലക്ടറുമായി ചർച്ച ചെയ്തിട്ടുണ്ട്. ഇന്നത്തെ ദൗത്യത്തിനുശേഷം തുടർനടപടികളിൽ തീരുമാനമെടുക്കും. ആവശ്യമെങ്കിൽ പുല്ല് ഉണങ്ങുന്ന സമയത്ത് ദൗത്യം പുനരാരംഭിക്കുന്നതും പരിഗണനയിലുണ്ട്.


