കഥകളുടെ അക്ഷയപാത്രമാണ് ഹൈറേഞ്ച്: വി.ആര്‍. സുധീഷ്

കഥകളുടെ അക്ഷയപാത്രമാണ് ഹൈറേഞ്ച്: വി.ആര്‍. സുധീഷ്

പീരുമേട്: ഹൈറേഞ്ച് പ്രകൃതിഭംഗിയാലും നിറയെ കഥകളാലും സമ്പന്നമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് അഭിപ്രായപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

എഴുത്തുജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി പീരുമേട് എസ്.എം.എസ് ലൈബ്രറിയും കൈപ്പട ബുക്‌സും സംയുക്തമായി നല്‍കിയ ആദരവ് ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളികളും മണ്ണില്‍ പൊന്ന് വിളയിക്കുന്ന കുടിയേറ്റ കര്‍ഷകരും സന്തോഷത്തോടെ ഒത്തൊരുമിച്ച് ജീവിക്കുന്ന ഹൈറേഞ്ച് മേഖലയില്‍ നിറയെ കഥകളാണ്.

ഓരോ മുഖത്ത് നിന്നും കഥകള്‍ വായിച്ചെടുക്കാന്‍ കഴിയും. അല്‍പം സര്‍ഗ്ഗവാസനയുള്ളൊരാള്‍ക്ക് എഴുത്തുകാരനായി രൂപാന്തരപ്പെടാന്‍ ഇവിടെ എളുപ്പത്തില്‍ സാധിക്കും.

ഇടുക്കിയെ ഇന്നും ചിലര്‍ പിന്നോക്ക ജില്ലയെന്ന് മുദ്രകുത്തുമ്പോഴും കേരളത്തിന്റെ സാംസ്‌കാരിക രംഗത്തേക്ക് ധാരാളം ഹൈറേഞ്ചുകാര്‍ കടന്നുവരുന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എം.എസ് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി അഭിലാഷ്, എസ്.എം.എസ് ലൈബ്രറി പ്രസിഡന്റ് വി.എസ്. പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്ന് വി.ആര്‍. സുധീഷിനെ അനുമോദിച്ചു.

ചടങ്ങില്‍ പീരുമേട്ടിലെ മുതിര്‍ന്ന അഭിഭാഷകന്‍ വി.എസ്. തങ്കപ്പന്‍ രചിച്ച മുക്രിഃ എന്ന നോവല്‍ വി.ആര്‍. സുധീഷ് പ്രകാശനം ചെയ്തു. ബിബിന്‍ വൈശാലി, സരുണ്‍ പുല്‍പ്പള്ളി എന്നിവര്‍ സംസാരിച്ചു.