ജനന മരണ രജിസ്‌ട്രേഷൻ: ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും

ജനന മരണ രജിസ്‌ട്രേഷൻ: ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും

ജനന മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരീശീലനം നല്‍കും.

Slide 1
Slide 2
Slide 3
Slide 4

രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കിയോസ്‌കുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പരിശീലനം നല്‍കുക. കൂടാതെ ജനന മരണ രജിസ്‌ട്രേഷൻ ഓഫീസറുടെ കാര്യാലയം എന്ന ബോർഡ് ബന്ധപ്പെട്ട ഓഫീസുകളില്‍ പ്രദർശിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന ജനന മരണ രജിസ്‌ട്രേഷൻ ജില്ലാതല കോഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

എല്ലാ ജനന മരണങ്ങളും കാലതാമസം ഒഴിവാക്കി നിശ്ചിത സമയപരിധിയായ 21 ദിവസത്തിനുള്ളില്‍ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ജനനം/മരണം നടന്ന് 21 ദിവസത്തിന് ശേഷം 30 ദിവസം വരെ രജിസ്‌ട്രേഷൻ നിശ്ചിത ഫീസ് ഈടാക്കി അതത് തദ്ദേശ രജിസ്‌ട്രേഷൻ യൂണിറ്റുകളില്‍ രജിസ്റ്റർ ചെയ്യാം. ജനനം/മരണം നടന്ന് 30 ദിവസത്തിന് ശേഷം ഒരു വർഷത്തിനകം വിവരം നല്‍കുന്ന കേസുകളില്‍ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെയും ജനനം/മരണം നടന്ന് ഒരു വർഷത്തിനുശേഷമുള്ള സാഹചര്യത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റില്‍ നിന്നുള്ള അനുമതിയോടെയും രജിസ്‌ട്രേഷൻ നടത്താം.

ജില്ലയില്‍ നടക്കുന്ന എല്ലാ ജനന മരണങ്ങളും രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും രജിസ്‌ട്രേഷൻ പ്രക്രിയ സുഗമമാക്കുന്നതിനുമായാണ് കോർഡിനേഷൻ കമ്മിറ്റി ചേരുന്നത്. നിലവില്‍ മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളില്‍ കെസ്മാർട്ട് സോഫ്റ്റ് വെയർ മുഖേനയാണ് രജിസ്‌ട്രേഷൻ നടപടികള്‍ നടക്കുന്നത്.

ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവർ പങ്കെടുത്തു.