മുള്ളൻപന്നിയുടെ ഇറച്ചിയുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
സുഹൃത്തുക്കളെ വിശ്വസിപ്പിക്കാൻ മുള്ളുകളും കൈവശം സൂക്ഷിച്ചു
നെടുങ്കണ്ടം കുഴിപ്പെട്ടിയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിയെ മുള്ളൻപന്നിയുടെ ഇറച്ചിയുമായി പൊലീസ് പിടികൂടി. സുഹൃത്തുക്കളെ വിശ്വസിപ്പിക്കുന്നതിനായി മുള്ളൻപന്നിയുടെ മുള്ളുകളും ഇയാൾ കൈവശം സൂക്ഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
കുഴിപ്പെട്ടിക്ക് സമീപത്ത് നിന്നാണ് സിലാസ് എംബാരത്തിന് വാഹനമിടിച്ച് ചത്ത നിലയിൽ മുള്ളൻപന്നിയെ കിട്ടിയത്. ബിഹാറിൽ വേട്ടയാടാൻ സിലാസ് ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ കാട്ടിൽ പോകാറുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ മുള്ളൻ പന്നിയെ ലഭിച്ചതായി ഇയാൾ സുഹൃത്തുക്കളെ അറിയിച്ചെങ്കിലും അവർ വിശ്വസിച്ചില്ല.
തുടർന്ന് മുള്ളൻപന്നിയുടെ ഇറച്ചി പാകം ചെയ്യുന്നതിനായി ചാക്കിലാക്കി കട്ടപ്പനയിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് ഇയാൾ കട്ടപ്പനയിൽ പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ മുള്ളൻപന്നിയുടെ ഇറച്ചിയും മുള്ളുകളും കണ്ടെത്തുകയായിരുന്നു.
സംഭവവിവരം പൊലീസ് വനംവകുപ്പിനെ അറിയിക്കുകയും, പിന്നീട് പ്രതിയെ കുമിളി റേഞ്ച് ഓഫീസിന് കൈമാറുകയും ചെയ്തു.





