പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനം; കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് സർവീസ് ആരംഭിച്ചു

പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനം; കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് സർവീസ് ആരംഭിച്ചു

മൂന്നാർ:പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിനോദസഞ്ചാരികൾക്ക് പുതുസമ്മാനവുമായി കെഎസ്ആർടിസി. മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് സർവീസ് ഇന്ന് ആരംഭിച്ചു. രാവിലെ എട്ടിന് കെഎസ്ആർടിസി എംഡി പി.എസ്. പ്രമോജ്ശങ്കർ സർവീസ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ഇതിനായി കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്‌സിൽ നിർമിച്ച ബസാണ് മൂന്നാറിൽ എത്തിച്ചത്. നിലവിൽ സർവീസ് നടത്തുന്ന ബസിന് സമാനമായ രൂപകൽപ്പനയും സൗകര്യങ്ങളുമാണ് പുതിയ ബസിനും ഒരുക്കിയിരിക്കുന്നത്.

ദിവസേന മൂന്ന് സർവീസുകളാണ് പുതിയ ബസ് നടത്തുക.

സമയം: രാവിലെ 8.00, 11.30, വൈകീട്ട് 3.00.

മൂന്നാർ ഡിപ്പോയിൽനിന്ന് ആരംഭിക്കുന്ന സർവീസ് കൊച്ചി–ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ് റോഡ്, ആനയിറങ്ങൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം തിരികെ ഡിപ്പോയിൽ എത്തും. രണ്ട് ഡബിൾഡെക്കർ ബസുകളും ഇതേ റൂട്ടിലാണ് സർവീസ് നടത്തുന്നത്.

താഴത്തെ നിലയിൽ 11 സീറ്റുകളും മുകളിലെ നിലയിൽ 39 സീറ്റുകളും ഉൾപ്പെടെ ആകെ 50 സീറ്റുകളാണ് ബസിലുളളത്. പുറംകാഴ്ചകൾ പൂർണമായി ആസ്വദിക്കാനാകുന്ന വിധത്തിൽ മൂന്നാറിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ് ഈ ഡബിൾഡെക്കർ ബസുകൾ. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി എട്ടിനാണ് മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ ആദ്യ ഡബിൾഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്ത ആ പദ്ധതി വൻ വിജയമായി മാറി. ഒൻപത് മാസത്തിനകം കെഎസ്ആർടിസിക്ക് ഒരു കോടിയിലധികം രൂപയുടെ വരുമാനം നേടാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിലെ ആദ്യ ബസ് സർവീസ് രാവിലെ 9.00, ഉച്ചയ്ക്ക് 12.30, വൈകീട്ട് 4.00 എന്നീ സമയങ്ങളിലാണ് നടത്തുന്നത്.