അശ്വമേധം 7.0 ക്യാമ്പയിൻ ; ഉദ്ഘാടനം ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിൽ നടന്നു

അശ്വമേധം 7.0 ക്യാമ്പയിൻ ; ഉദ്ഘാടനം ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിൽ നടന്നു

സമൂഹത്തിൽ കണ്ടെത്തപ്പെടാതെ തുടരുന്ന കുഷ്ഠരോഗ കേസുകൾ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തി രോഗനിർണയം നടത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം  ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിൽ നടന്നു.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ. എൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ.കെ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സിബി ജോർജ്, വോളണ്ടിയർമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരടങ്ങുന്ന സംഘം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിലെത്തി.

ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ കലക്ടറോട് വിശദീകരിച്ചു. തുടർന്ന് അശ്വമേധം 7.0 ബോധവൽക്കരണ ഫ്ലാഷ് കാർഡ് ജില്ലാ കലക്ടർ വോളണ്ടിയർമാർക്ക് നൽകി പ്രകാശനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായുള്ള പരിശോധനയിൽ പുരുഷ വോളണ്ടിയർ ജില്ലാ കലക്ടറുടെ ശരീരത്തിൽ പാടുകളോ തടിപ്പുകളോ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി.

തുടർന്ന് ജില്ലാ ടീം ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലും സന്ദർശനം നടത്തി. ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലാ പ്രോഗ്രാം മാനേജർ ജില്ലാ പോലീസ് മേധാവിയോട് വിശദീകരിച്ചു. ബോധവൽക്കരണ പോസ്റ്റർ ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. സാബു ജോർജ് പ്രകാശനം ചെയ്തു. പോലീസ് മേധാവിയുടെയും ശരീരത്തിൽ കുഷ്ഠരോഗ ലക്ഷണങ്ങളായ പാടുകളോ തടിപ്പുകളോ ഇല്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.

“പാടുകൾ നോക്കാം, ആരോഗ്യം കാക്കാം” എന്നതാണ് അശ്വമേധം 7.0 ക്യാമ്പയിന്റെ ആപ്തവാക്യം. ഒരു പുരുഷ വോളണ്ടിയറും ഒരു സ്ത്രീ വോളണ്ടിയറും അടങ്ങുന്ന 1052 ടീമുകൾ ഇടുക്കി ജില്ലയിൽ ക്യാമ്പയിന്റെ ഭാഗമായി ഗൃഹസന്ദർശനം നടത്തുന്നു. ജനുവരി 7 മുതൽ 20 വരെ രണ്ടാഴ്ചക്കാലമാണ് ഭവന സന്ദർശനം.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച ആശാ പ്രവർത്തകയും ഒരു പുരുഷ വോളണ്ടിയറും അടങ്ങിയ സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ പരിശോധിക്കും.

ആറ് മുതൽ പന്ത്രണ്ട് മാസം വരെ നീളുന്ന ഔഷധ ചികിത്സയിലൂടെ കുഷ്ഠരോഗം പൂർണമായും ഭേദമാക്കാവുന്നതാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്