മുല്ലപ്പെരിയാര്‍ അണക്കെട്ട് : സമഗ്ര പരിശോധനയെ സ്വാഗതം ചെയ്ത് സമര സമിതി
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സമഗ്ര പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെ മുല്ലപ്പെരിയാര്‍ സമര സമിതി സ്വാഗതം ചെയ്തു. വിഷയത്തെ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും ഗൗരവത്തോടെ സമീപിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.
കേന്ദ്ര ജല കമ്മീഷന്റെ മുന്‍ ചെയര്‍മാനെ കേരളത്തിന്റെ പ്രതിനിധിയായി സമിതിയില്‍ ഉള്‍പ്പെടുത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍, കേരള ജനതയുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച ജെയിംസ് വില്‍സനെപ്പോലുള്ളവരെ സമിതിയില്‍ അംഗമാക്കണമെന്ന് സമര സമിതി അഭിപ്രായപ്പെട്ടു.
കാലപ്പഴക്കം മൂലം ഏത് നിമിഷവും തകരാന്‍ സാധ്യതയുള്ള ലോകത്തിലെ ഏറ്റവും അപകടാവസ്ഥയിലുള്ള അണക്കെട്ടുകളില്‍ ഒന്നായി മുല്ലപ്പെരിയാറിനെ വിദഗ്ധര്‍ വിലയിരുത്തുന്ന സാഹചര്യത്തിലാണ് സമഗ്ര പരിശോധന നടത്താനുള്ള തീരുമാനം വന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. 2022ല്‍ ഡോ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നിലവിലെ ഉത്തരവ് ഉണ്ടായതെന്നും യോഗത്തില്‍ വ്യക്തമാക്കി.
2014ലെ സുപ്രീംകോടതി വിധിയുടെ ആവര്‍ത്തനമായി പരിശോധന പരിമിതപ്പെടാതിരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.
സമര സമിതി ചെയര്‍മാന്‍ ഷാജി പി. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യ രക്ഷാധികാരി ഫാ. ജോയ് നിരപ്പേല്‍, ജനറല്‍ കണ്‍വീനര്‍ സിബി മുത്തുമ്മ കുഴിയില്‍, റോജി സലീം, സി. എസ്. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നേരില്‍ കണ്ട് വിശദീകരണം നല്‍കാനും യോഗം തീരുമാനിച്ചു.





