ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യ യുഎസ്എയെ നേരിടും,

ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യ യുഎസ്എയെ നേരിടും,

മുംബൈ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ദിനത്തിൽ മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

വൈകിട്ട് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ യുഎസ്എയെ നേരിടും. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനാണ് ഇറങ്ങുന്നത്. 2025 ഏഷ്യ കപ്പ് ഉൾപ്പെടെ തുടർച്ചയായ ഒൻപത് പരമ്പര വിജയങ്ങളുമായാണ് ഇന്ത്യ ലോകകപ്പിലെത്തുന്നത്.

മറുഭാഗത്ത്, മോനാങ്ക് പട്ടേൽ നയിക്കുന്ന യുഎസ്എ 2024 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിച്ച യുഎസ്എ സന്നാഹ മത്സരങ്ങളിലും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ബാറ്റർമാർക്ക് അനുകൂലമായ വാംഖഡെ പിച്ചിൽ വലിയ സ്കോറുകൾ പിറക്കാൻ സാധ്യതയുണ്ട്. ഈർപ്പം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ടീമിന് വെല്ലുവിളിയാകാം.

സന്നാഹ മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് ഇന്ത്യ പ്ലേയിംഗ് ഇലവൻ തീരുമാനിച്ചത്. ഫോമിലേക്കുയരാൻ കഴിയാത്ത മലയാളി താരം സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ പുറത്തിരിക്കും. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ മത്സരത്തിൽ സിറാജ് കളിക്കില്ല.

ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങൾ:

രാവിലെ കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ നെതർലൻഡ്സിനെ നേരിടും. വൈകിട്ട് നടക്കുന്ന ഗ്രൂപ്പ് സി മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് സ്കോട്ട്ലൻഡിനെതിരെ കളിക്കും.

എല്ലാ മത്സരങ്ങളും സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ചെയ്യും