ഇടതുമുന്നണി ജാഥ ‘ജനവഞ്ചനാ യാത്ര’യെന്ന് വിളിക്കണം: ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന ജാഥയ്ക്ക് ‘ജനവഞ്ചനാ യാത്ര’ എന്ന് പേര് നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി സർക്കാർ സകലമാന ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്ന് തൊടുപുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
കർഷകർ കാലങ്ങളായി കൈവശം വച്ചിരിക്കുന്ന പട്ടയഭൂമിയിൽ വ്യവസ്ഥലംഘനം നടന്നുവെന്ന് ആരോപിച്ച് ക്രമവൽക്കരണത്തിന്റെ പേരിൽ അന്യായമായി ഫീസ് ഈടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഡീൻ പറഞ്ഞു. 1964 ചട്ടങ്ങൾ പ്രകാരവും 1993 ചട്ടം അനുസരിച്ചുമുള്ള പട്ടയ വിതരണ നടപടികൾ വർഷങ്ങളായി മരവിപ്പിച്ച നിലയിലാണ്. കോടതികളിൽ കാര്യക്ഷമമായി ഇടപെട്ട് പട്ടയവിതരണം പുനരാരംഭിക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.
ഷോപ്പ് സൈറ്റുകൾക്ക് ഉടൻ പട്ടയം നൽകുമെന്ന വാഗ്ദാനം നടപ്പായില്ലെന്ന് മാത്രമല്ല, അടുത്തിടെ പുറത്തിറക്കിയ രണ്ട് ഉത്തരവുകൾ മൂലം പട്ടയം നൽകാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ നിലവിലുള്ളത്. ജനുവരിയിൽ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം സി.എച്ച്.ആറിന് പുറത്തുള്ള പ്രദേശങ്ങളിൽ മാത്രമേ പട്ടയം അനുവദിക്കാനാകൂ. ഫെബ്രുവരി 4ലെ ഉത്തരവ് അനുസരിച്ച് വാണിജ്യ ആവശ്യങ്ങൾക്കും ഏലം കൃഷിക്കും പട്ടയം അനുവദിക്കാനാകില്ലെന്നും ഡീൻ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ എങ്ങനെ പട്ടയം നൽകുമെന്നത് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി–മുന്നാർ ദേശീയപാതയിൽ വാളറ ഭാഗത്ത് ഏർപ്പെടുത്തിയ നിർമ്മാണ വിലക്കിന് ഇതുവരെ പരിഹാരം കണ്ടെത്താനായിട്ടില്ല. വന്യമൃഗ ശല്യത്തിലും കൂടുതൽ ഭൂമിപ്രദേശങ്ങൾ വനമായി പ്രഖ്യാപിച്ചും സർക്കാർ കൊലച്ചതിയാണു ചെയ്തതെന്നും ഡീൻ ആരോപിച്ചു. പീരുമേട്ടിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ പ്രഖ്യാപിച്ച പ്രത്യേക പാക്കേജും നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂപ്രശ്നങ്ങൾക്കും കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾക്കും ഐക്യജനാധിപത്യ മുന്നണി ശാശ്വത പരിഹാരം കാണുമെന്നും, ക്രമവൽക്കരണത്തിന്റെ പേരിൽ ഒരു പൈസ പോലും ഈടാക്കാതെ ഉപാധികളില്ലാതെ കർഷകർക്ക് പട്ടയം നൽകാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി.





