ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം; ജനജീവിതം സ്തംഭിച്ചു

ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം; ജനജീവിതം സ്തംഭിച്ചു

തൊഴിൽ കോഡുകൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണമായി. പൊതുഗതാഗതം നിലച്ചതും ഹോട്ടലുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതും ജനജീവിതത്തെ സാരമായി ബാധിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളും അവശ്യസേവനം നടത്തിയ ഏതാനും ഓട്ടോ-ടാക്സികളും മാത്രമാണ് നിരത്തിലിറങ്ങിയത്. കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) സർവീസ് നടത്തിയില്ല. സ്വകാര്യ ബസുകളും ഓടിയില്ല. സർക്കാർ ഓഫീസുകൾ ഉദ്യോഗസ്ഥരില്ലാതെ ശൂന്യമായി. ബാങ്കുകളും പ്രവർത്തിച്ചില്ല. ചില ചായക്കടകൾ, പെട്ടിക്കടകൾ, മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് തുറന്നത്.

Slide 1
Slide 2
Slide 3
Slide 4

തോട്ടം, ഓട്ടോ-ടാക്സി, കർഷക, തൊഴിലുറപ്പ്, ലോട്ടറി തൊഴിലാളികൾ, സ്വകാര്യ സ്ഥാപന ജീവനക്കാർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പണിമുടക്കിൽ പങ്കെടുത്തു.

ജില്ലയിലെ വിവിധ ടൗണുകളിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു. പണിമുടക്കുമായി ബന്ധപ്പെട്ട് കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ട്രേഡ് യൂണിയനുകൾക്കു പുറമേ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി സമിതി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും പണിമുടക്കിന് പിന്തുണ നൽകി.

പ്രധാന ആവശ്യങ്ങൾ

സംയുക്ത ട്രേഡ് യൂണിയനുകൾ ഉന്നയിച്ച പതിമൂന്ന് ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവ:

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക

വൈദ്യുതി നിയമഭേദഗതി നിർദേശം പിൻവലിക്കുക

വിത്ത് ബിൽ ഉപേക്ഷിക്കുക

ആണവ ഊർജ മേഖലയെ സ്വകാര്യവത്കരിക്കുന്ന ശാന്തി ബിൽ-2025 പിൻവലിക്കുക

ഇൻഷുറൻസ് മേഖലയിലെ സ്വകാര്യ പങ്കാളിത്തം ഒഴിവാക്കുക

പൊതുമേഖലാ ഓഹരി, ആസ്തി വിൽപ്പന അവസാനിപ്പിക്കുക

നിശ്ചിതകാല തൊഴിൽ തള്ളിക്കളയുക

കരാർവത്കരണം അവസാനിപ്പിച്ച് തൊഴിൽ സ്ഥിരത ഉറപ്പാക്കുക

തുല്യ ജോലിക്ക് തുല്യ വേതനം നൽകുക

തൊഴിലാളിവിരുദ്ധ 2021 എച്ച്.ആർ. പോളിസി പിൻവലിക്കുക

തൊഴിലാളികൾക്ക് മികച്ച പെൻഷൻ അനുവദിക്കുക

മൂന്നാർ, കട്ടപ്പന, തൊടുപുഴ,അടിമാലി മേഖലകളിലും പണിമുടക്ക് ജന ജീവിതത്തെ കാര്യമായി ബാധിച്ചു.

മൂന്നാർ പട്ടണത്തിൽ പണിമുടക്ക് പൂർണമായും അനുഭവപ്പെട്ടു. കടകൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. ഭക്ഷണശാലകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്ക് ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ട് നേരിട്ടു.

ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മൂന്നാർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ധർണ നടന്നു. മുൻ എംഎൽഎ എ.കെ. മണി ധർണ ഉദ്ഘാടനം ചെയ്തു.

കട്ടപ്പനയിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.

തൊടുപുഴയിലും സമാനമായ സാഹചര്യം അനുഭവപ്പെട്ടു.