വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകി
നെടുങ്കണ്ടം/അടിമാലി: സംസ്ഥാനത്തെ വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇടുക്കി ജില്ലയിൽ പ്രവേശിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച സ്വീകരണങ്ങളിൽ സംസാരിക്കവെ, ഇടുക്കി വികസനവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ നടപ്പാക്കാതെ എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കട്ടപ്പനയിൽ നേരിട്ട് എത്തി 18,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയതാണെന്ന് സതീശൻ പറഞ്ഞു. ജില്ലയിലെ കർഷകരോടും ഇതേ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, കരിനിയമങ്ങൾ അടിച്ചേൽപ്പിച്ച് കർഷകരെ കുടിയൊഴിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുമെന്നും, ഉപാധിരഹിത പട്ടയം എല്ലാവർക്കും നൽകുമെന്നും, സി.എച്ച്.ആർ വനഭൂമിയല്ലെന്ന നിലപാട് കോടതിയിൽ സത്യവാങ്മൂലം നൽകി വ്യക്തമാക്കുമെന്നും സതീശൻ പറഞ്ഞു.
നെടുങ്കണ്ടത്ത് വൻ സ്വീകരണം
നെടുങ്കണ്ടത്ത് എത്തിച്ചേർന്ന പുതുയുഗ യാത്രയ്ക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നായി അയ്യായിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു. പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് തുറന്ന ജീപ്പിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സതീശനെ സമ്മേളന വേദിയിലേക്ക് എത്തിച്ചു.
തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ യുഡിഎഫ് ഉടുമ്പൻചോല നിയോജകമണ്ഡലം ചെയർമാൻ എം.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. എം.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് എംപി, ഡീൻ കുര്യാക്കോസ് എംപി, ബി.ആർ.എം. ഷഫീർ, ഷാനിമോൾ ഉസ്മാൻ, വി.കെ. ശ്രീകണ്ഠൻ എംപി, ജോസഫ് വാഴയ്ക്കൻ, റോയി കെ. പൗലോസ്, ജോയി വെട്ടിക്കുഴി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
അടിമാലിയിൽ ജില്ലയിൽ പ്രവേശനം
അടിമാലിയിൽ പുതുയുഗ യാത്രയ്ക്ക് ആദ്യ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ പ്രതിപക്ഷ നേതാവിനെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചു. നൂറുകണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
യുഡിഎഫ് ഇപ്പോൾ വെറും പ്രതിപക്ഷമല്ലെന്നും ജനങ്ങളുടെ ആഗ്രഹം നിറവേറ്റാൻ അധികാരത്തിലേക്ക് വരേണ്ട മുന്നണിയായി മാറിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
സ്വീകരണ സമ്മേളനത്തിന് മുമ്പ്, പ്രതിപക്ഷ നേതാവ് കർഷക സംഘടനാ നേതാക്കളുമായും ആദിവാസി ഗോത്രസംഘടനാ പ്രതിനിധികളുമായും വ്യാപാരികളുമായും ദളിത് സംഘടനാ നേതാക്കളുമായും തോട്ടം തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തി. ജില്ലയിലെ വികസനവും ഭൂപ്രശ്നങ്ങളും ചർച്ച ചെയ്തു. അടിമാലി ക്ലബ് ഹാളിലായിരുന്നു യോഗം.






