ഉത്സവത്തിനിടെ സംഘര്‍ഷം; പൊലീസുകാരെ മർദ്ദിച്ച 2 പേർ പിടിയിൽ
വണ്ടിപ്പെരിയാർ: ഇഞ്ചിക്കാട് എസ്റ്റേറ്റ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ രണ്ട് പേർ വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിൽ. ഇഞ്ചിക്കോട് സ്വദേശിയായ കിഴക്കേതിൽ വീട്ടിൽ അനിജിത്തും, പെരിയാർ സ്റ്റേറ്റിൽ താമസിക്കുന്ന മധുസൂദനനും ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും ഉണ്ടായി. സംഘർഷം തടയാൻ എത്തിയ വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ ടി.എസ്. ജയകൃഷ്ണനും സിപിഒ രാഹുലിനെയും ഒരു സംഘം ചേർന്ന് ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘം ചേർന്ന് പൊലീസിനെ മർദ്ദിക്കൽ, കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായ ഇരുവരെയും ദേവികുളം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ അജിത്ത്, അജിമോൻ, ഭാര്യ സിന്ധു എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.





