കെ-ടെറ്റ് ഫലം വൈകുന്നു; നിയമനവും പ്രമോഷനും പ്രതിസന്ധിയില്‍, ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിക്കാത്തത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 21, 23 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. വിജ്ഞാപനപ്രകാരം 60 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണമെന്നുണ്ടായിരുന്നുവെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും ഫലം പുറത്തുവന്നിട്ടില്ല.
ഫലം വൈകുന്നതോടെ ഈ അധ്യയനവര്‍ഷം എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവര്‍ വലിയ അനിശ്ചിതത്വത്തിലാണ്. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ സ്ഥാപനങ്ങളില്‍ നിയമനനടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കെ-ടെറ്റ് യോഗ്യത തെളിയിക്കാനാകാത്തത് പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്ക ശക്തമാക്കുന്നു.
അതേസമയം, വിരമിക്കാന്‍ രണ്ട് വര്‍ഷത്തിലധികം ബാക്കിയുള്ള അധ്യാപകര്‍ നിര്‍ബന്ധമായും കെ-ടെറ്റ് യോഗ്യത നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷം നടന്ന ആദ്യ പരീക്ഷയെന്ന നിലയില്‍ സര്‍വീസിലുള്ള അധ്യാപകരും ഫലം കാത്തിരിക്കുകയാണ്. നിലവിലെ അധ്യാപകരില്‍ പലര്‍ക്കും ഫലം ലഭിക്കാത്തതിനാല്‍ പ്രമോഷന്‍, സ്ഥിരനിയമനം ഉള്‍പ്പെടെയുള്ള സേവനാനുകൂല്യങ്ങളും വൈകുന്നുവെന്നാണ് പരാതി.
വിദ്യാലയങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമനം പ്രതീക്ഷിക്കുന്നവരും ഫലം പുറത്തുവരാനായി കാത്തിരിക്കുകയാണ്. ഇതിനിടെ, മുമ്പ് നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ സര്‍വീസിലുള്ള അധ്യാപകര്‍ക്കായി പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ നടപടികള്‍ പൂര്‍ത്തിയായതും ഉദ്യോഗാര്‍ഥികളില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ചു.
പരീക്ഷാഫലം വന്ന ശേഷമേ വിദ്യാഭ്യാസവകുപ്പില്‍ നേരത്തേ നിയമനം നേടിയവര്‍ക്കുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കാനാകൂവെന്ന സാഹചര്യവും അനിശ്ചിതത്വം കൂട്ടുകയാണ്. എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ കെ-ടെറ്റ് ഫലം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല.
പരീക്ഷാഭവന്റെ മെല്ലെപ്പോക്കാണ് ഫലം വൈകാന്‍ കാരണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.




