നാലുവർഷ ബിരുദ കോഴ്‌സുകളിലെ ആശങ്കകൾ പരിഹരിക്കും: മന്ത്രി റോജി എം. ജോൺ

നാലുവർഷ ബിരുദ കോഴ്‌സുകളിലെ ആശങ്കകൾ പരിഹരിക്കും: മന്ത്രി റോജി എം. ജോൺ

സംസ്ഥാനത്തെ സർവകലാശാലകളിലെ നാലുവർഷ ബിരുദ കോഴ്‌സുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ നിലനിൽക്കുന്ന ആശങ്കകൾ അടിയന്തരമായി പരിഹരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.

യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിർണായക ഇടപെടലുകൾ നടത്താൻ കഴിയണമെന്നും അതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

നാലുവർഷ ബിരുദ കോഴ്‌സുകൾ റിവ്യൂ ചെയ്യും

സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്‌സ് സംവിധാനത്തെക്കുറിച്ച് വ്യാപകമായ പരാതികളും ആശങ്കകളും ഉയരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്റേൺഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാർഥികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, കോഴ്‌സ് നടത്തിപ്പിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വിഷയങ്ങൾ വിശദമായി പരിശോധിച്ച് കോഴ്‌സിനെക്കുറിച്ച് സമഗ്ര റിവ്യൂ നടത്തുമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുകയെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കും

കേരളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമായ വകുപ്പുകളിൽ ഒന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി പറഞ്ഞു. നിലവിൽ നിരവധി പ്രശ്നങ്ങൾ മേഖലയെ ബാധിക്കുന്നുണ്ടെന്നും, യുവതലമുറ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉന്നതവിദ്യാഭ്യാസ മേഖലയെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് യുഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിച്ചതെന്നും, ആ പ്രതീക്ഷയ്‌ക്ക് ഒത്തുയരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

വി.സി നിയമനങ്ങൾ വേഗത്തിലാക്കും

സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച മന്ത്രി, സർവകലാശാലകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വൈസ് ചാൻസലർമാർ നിർണായകമാണെന്ന് പറഞ്ഞു.

ഇൻ-ചാർജ് ഭരണത്തെ യുഡിഎഫ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും, കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ച് പരമാവധി വേഗത്തിൽ വി.സി നിയമനങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രിൻസിപ്പൽ നിയമനങ്ങളിൽ ഗുണനിലവാരത്തിന് മുൻഗണന

സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ നിയമന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച മന്ത്രി, നിയമനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി മാത്രമേ വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയർത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ നിയമനങ്ങളെക്കുറിച്ച് കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി അറിയിച്ചു.

സൗജന്യ ബിരുദപഠനം: ഇപ്പോൾ പ്രതികരിക്കാനില്ല

ബിരുദ പഠനം സൗജന്യമാക്കുമെന്ന മുൻ സർക്കാർ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത് നയപരമായ വിഷയമാണെന്നും നിലവിൽ പ്രതികരിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രഫണ്ടുകൾ പരമാവധി നേടും

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ടുകൾ സംസ്ഥാനത്തിന്റെ അവകാശമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിൽ നിന്ന് പരമാവധി ഫണ്ട് നേടിയെടുക്കാൻ ശ്രമിക്കുമെന്നും, എന്നാൽ ആശയപരമായ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യാപക-വിദ്യാർഥി സംഘടനകളുമായി കൂടിക്കാഴ്ച

അധ്യാപക സംഘടനകളുമായും വിദ്യാർഥി സംഘടനകളുമായും ഉടൻ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. അധികാരമേറ്റ ശേഷം വകുപ്പിന്റെ നിലവിലെ അവസ്ഥ മനസിലാക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഗുണമേൻമയുള്ള വിദ്യാഭ്യാസം ലക്ഷ്യം

ഗുണനിലവാരവും മികവാർന്നതുമായ വിദ്യാഭ്യാസ സംവിധാനമാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ കാലത്ത് നടത്തിയ ഹയർ എഡ്യൂക്കേഷൻ കോൺക്ലേവിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും, അവ നടപ്പാക്കാനുള്ള കർമ്മപരിപാടികൾ വേഗത്തിലാക്കുമെന്നും മന്ത്രി റോജി എം. ജോൺ അറിയിച്ചു.