ജൂലൈ 30 മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് : ആരോഗ്യ മന്ത്രി കെ. മുരളീധരൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ നിലത്ത് കിടത്തുന്ന രീതി ജൂലൈ 30 മുതൽ പൂർണമായും ഒഴിവാക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. അന്നുമുതൽ ആശുപത്രിയിലെ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കോട്ടയം സി.എം.എസ്. കോളജിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം മെഡിക്കൽ കോളജിന് ശേഷം രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളജായിരിക്കും കോട്ടയം. ചികിത്സയും മരുന്നും കിടക്കയും ആശുപത്രിയിലെത്തുന്ന ഓരോ രോഗിയുടെയും അവകാശമാണെന്നും, രോഗികളെ നിലത്ത് കിടത്തുന്ന രീതി അവസാനിപ്പിക്കാൻ സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തിയാൽ മെഡിക്കൽ കോളജുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ പനി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുപോലും ആളുകൾ മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ പ്രാദേശിക തലത്തിൽ കൂടുതൽ കാര്യക്ഷമമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ മെഡിക്കൽ കോളജുകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് വലിയ പങ്കുണ്ടായിരുന്നുവെന്നും, ആരോഗ്യ മേഖലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകൾ കൂടി പരിഗണിച്ചാണ് നിലവിലെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.




