സഹപാഠികളുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് അശ്ലീലമായി മോർഫ് ചെയ്തു; എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ
ഏറ്റുമാനൂർ: സഹപാഠികളായ പെൺകുട്ടികളുടേതുൾപ്പെടെയുള്ള ചിത്രങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി മോർഫ് ചെയ്തെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ. ഏറ്റുമാനൂർ മംഗളം കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബി.ടെക് നാലാം വർഷ വിദ്യാർഥി അജ്മൽ ടി. മുഹമ്മദിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോട്ടോ എടുക്കാനായി വിദ്യാർഥികൾ സമീപിച്ചിരുന്നതിലൂടെയും കോളജ് പരിപാടികളിൽനിന്നും ലഭിച്ച ചിത്രങ്ങളാണ് ഇയാൾ ഡിജിറ്റലായി മാറ്റം വരുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
അജ്മലിന്റെ ലാപ്ടോപ്പിൽ മോർഫ് ചെയ്ത ചിത്രങ്ങൾ മറ്റൊരു വിദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിദ്യാർഥികൾ അധ്യാപകരെയും രക്ഷിതാക്കളെയും വിവരമറിയിച്ച് പൊലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് പൊലീസ് അജ്മലിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. ചിത്രങ്ങൾ മറ്റുള്ളവർക്ക് കൈമാറിയതിന്റെ തെളിവുകൾ നിലവിൽ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നത് ഉൾപ്പെടെ അന്വേഷണം തുടരുകയാണ്.





