പ്രതിസന്ധികളെ മറികടക്കാനൊരുങ്ങി കെ.എസ്.ഇ.ബി ; നാല് വർഷത്തെ ഉയർന്ന ജല ശേഖരവുമായി കേരളം
പ്രതിസന്ധികളെ വിജയകരമായി മറികടന്ന് കേരളം നാല് വർഷത്തെ ഉയർന്ന ജലശേഖരവുമായി പുതുവർഷത്തിലേക്ക് കടക്കുന്നു. ഇതുവരെ ഉള്ള കണക്കുപ്രകാരം സംസ്ഥാനത്തെ വിവിധ ജലവൈദ്യുത സംഭരണികളിലായി 3067.825 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ലഭ്യമാണ്. ഇത് മൊത്തം സംഭരണശേഷിയുടെ 74 ശതമാനമാണ്.
മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജലശേഖരത്തിൽ ശ്രദ്ധേയമായ വർധനവാണ് രേഖപ്പെടുത്തുന്നത്.
പള്ളിവാസൽ എക്സ്റ്റെൻഷൻ, തൊട്ടിയാർ ജലവൈദ്യുത പദ്ധതികളിൽ ലക്ഷ്യമിട്ടതിലും കൂടുതലായി വൈദ്യുതി ഉൽപാദിപ്പിക്കാൻ കെഎസ്‌ഇബിക്ക് സാധിച്ചു. പള്ളിവാസൽ പദ്ധതിയിൽ വാർഷികമായി 153.9 ദശലക്ഷം യൂണിറ്റ് ഉൽപാദനം ലക്ഷ്യമിട്ടിരുന്നെങ്കിലും 343 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞത് ബോർഡിന് വലിയ നേട്ടമായി.
ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവർഹൗസ് കഴിഞ്ഞ നവംബറിൽ അറ്റകുറ്റപ്പണിക്കായി പൂർണമായും ഷട്ട്ഡൗൺ ചെയ്തിട്ടും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകാതിരുന്നത് കെഎസ്‌ഇബിയുടെ മികച്ച പവർ മാനേജ്മെന്റിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
ഇടുക്കി പദ്ധതിയുടെ സംഭരണിയിൽ നിലവിൽ 73 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ശതമാനം അധികമാണിത്.
ആഭ്യന്തര വൈദ്യുതോൽപാദനത്തിന്റെ ഏകദേശം മുക്കാൽ പങ്കും നിർവഹിക്കുന്ന ഇടുക്കി പദ്ധതി ആശ്വാസകരമായ നിലയിൽ തുടരുന്നതായി വൈദ്യുതി ബോർഡ് വ്യക്തമാക്കി.





