ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ബിജെപിയുമായി ധാരണ, നിർണായക രാഷ്ട്രീയ നീക്കം
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഴക്കമ്പലം കേന്ദ്രമായ ട്വന്റി ട്വന്റി പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ട്വന്റി ട്വന്റി കൺവീനർ സാബു എം. ജേക്കബുമായി രാജീവ് ചന്ദ്രശേഖർ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുടേത് വികസന കാഴ്ചപ്പാടാണെന്നും, കേന്ദ്രത്തിലെ ബിജെപി സർക്കാർ വികസന സർക്കാർ തന്നെയാണെന്നും സാബു എം. ജേക്കബ് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്താനിരിക്കെയാണ് ബിജെപിയുടെ ഈ നിർണായക രാഷ്ട്രീയ നീക്കം. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുമായും സാബു എം. ജേക്കബ് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
സംസ്ഥാന സർക്കാരുമായി നീണ്ടുനിന്ന അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ട്വന്റി ട്വന്റിയുടെ മുന്നണി മാറ്റം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്കെതിരെ ട്വന്റി ട്വന്റി ഒറ്റയ്ക്കാണ് മത്സരിച്ചത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഉൾപ്പെടെ നാല് പഞ്ചായത്തുകളിൽ ട്വന്റി ട്വന്റി അധികാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.






