നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞ് അപകടം; മൂന്നു പേർക്ക് പരിക്ക്
ഇന്നലെ വൈകിട്ട് നാലോടെ വള്ളക്കടവ് റോഡിലെ ഒ.ജെ. പടിയിലാണ് സംഭവം.
വള്ളക്കടവ് : ഒ.ജെ. പടിയിൽ നിയന്ത്രണം വിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും ഇടിച്ച് റോഡിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പാതയിൽ ഏകദേശം ഒരു മണിക്കൂറോളം ഭാഗികമായി ഗതാഗത തടസം ഉണ്ടായി. വള്ളക്കടവ് ഭാഗത്ത് നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന മിനി ലോറി ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. തുടർന്ന് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് വട്ടം മറിയുകയായിരുന്നു.
ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. ലോറിയിൽ ഡ്രൈവറും മറ്റൊരാളുമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ലോറിക്കും വലിയ കേടുപാടുകൾ സംഭവിച്ചു.
സംഭവസമയം ഇതുവഴി പോയ വാഹന യാത്രക്കാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.






