മറന്നുവച്ച സ്വര്‍ണ്ണവും പണവും ഉടമയ്ക്ക് തിരികെ നല്‍കി കട്ടപ്പന സ്വദേശി ബാബു
കട്ടപ്പന: വര്‍ഷങ്ങള്‍ക്ക് മുമ്പ് മറന്നുവച്ച സ്വര്‍ണ്ണവും പണവും യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കി കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശ്ശേരില്‍ ബാബു സത്യസന്ധതയുടെ മാതൃകയായി.
എട്ട് വര്‍ഷം മുമ്പ് വെള്ളയാംകുടി കൈനിക്കുന്നേല്‍ സ്വദേശിയായ അദ്ധ്യാപകന്‍ ജിജോ, മരണമടഞ്ഞ തന്റെ അമ്മ ഉപയോഗിച്ചിരുന്ന സ്റ്റീല്‍ അലമാരി ബാബുവിന് സൗജന്യമായി നല്‍കിയിരുന്നു. ഏകദേശം പതിനൊന്ന് വര്‍ഷം മുമ്പ് നടന്ന അപകടത്തിലാണ് ജിജോയുടെ അമ്മ മരിച്ചത്.
പഴക്കം ചെന്ന അലമാരിയുടെ ഡ്രോ തുറക്കാനും അടക്കാനും ബുദ്ധിമുട്ടുണ്ടായതിനാല്‍ ബാബു പൂര്‍ണമായി തുറക്കാതെ ഉപയോഗിച്ചുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച ഡ്രോ അഴിച്ചെടുത്തപ്പോഴാണ് പേഴ്സിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്.
സ്വര്‍ണ്ണകൊന്ത, മാല, വള, കമ്മല്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം ഏഴ് പവന്‍ സ്വര്‍ണ്ണവും 7,500 രൂപയും അലമാരിയില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ബാബു ഉടന്‍ തന്നെ വിവരം ജിജോയെ അറിയിക്കുകയും വാര്‍ഡ് കൗണ്‍സിലര്‍ ബീന സിബിയുടെ സാന്നിധ്യത്തില്‍ വസ്തുക്കള്‍ കൈമാറുകയും ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സ്വന്തം വീട് വിറ്റ് വാടകവീട്ടില്‍ കഴിയുന്ന സാഹചര്യത്തിലും സത്യസന്ധത കൈവിടാതിരുന്നത് ബാബുവിനെ സമൂഹത്തില്‍ മാതൃകയാക്കി.





