നീറ്റ് യുജി പരീക്ഷ റദ്ദാക്കി;പുനഃപരീക്ഷ നടത്തും

ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് എന്‍ടിഎ

നീറ്റ് യുജി പരീക്ഷ റദ്ദാക്കി;പുനഃപരീക്ഷ നടത്തും

മെയ് 3ന് നടന്ന നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയതായി NTA അറിയിച്ചു. രാജസ്ഥാനില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം എടുത്തത്.

പരീക്ഷയുടെ വിശ്വാസ്യതയെ കുറിച്ച് വിവിധ കേന്ദ്ര ഏജന്‍സികളില്‍ നിന്നും ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം C B I ക്ക് കൈമാറിയിരുന്നു. നിയമ നിര്‍വഹണ ഏജന്‍സികള്‍ പങ്കുവെച്ച തെളിവുകളും വിവരങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് പരീക്ഷ റദ്ദാക്കുന്നതായി എന്‍ടിഎ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ദേശീയ പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായാണ് ഈ കടുത്ത നടപടിയെന്ന് എന്‍ടിഎ വ്യക്തമാക്കി. പരീക്ഷയ്ക്ക് മുമ്പ് ‘ഗസ് പേപ്പര്‍’ എന്ന പേരില്‍ ചോദ്യപേപ്പറിന്റെ കൈയെഴുത്ത് പതിപ്പ് പ്രചരിച്ചതായും, ചോര്‍ച്ച പ്രിന്റിംഗ് പ്രസില്‍ നിന്നാകാമെന്നുമുള്ള പ്രാഥമിക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ആഭ്യന്തര സുരക്ഷാ വീഴ്ചകളെ കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

രാജസ്ഥാനില്‍ മാത്രം ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് 45ല്‍ അധികം പേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംഘടിത ക്രമക്കേട് നടന്നിട്ടുണ്ടോ, ചോദ്യപേപ്പര്‍ എങ്ങനെ പുറത്തേക്ക് എത്തിയതെന്നതടക്കമുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിക്കും.

നീറ്റ് യുജി 2026 പുനഃപരീക്ഷ നടത്തുമെന്നും പുതിയ തീയതികള്‍ ഉടന്‍ ഔദ്യോഗിക ചാനലുകള്‍ വഴി പ്രഖ്യാപിക്കുമെന്നും എന്‍ടിഎ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. നിലവിലുള്ള രജിസ്‌ട്രേഷന്‍ വിവരങ്ങളും മുമ്പ് തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രങ്ങളും തുടരും. അധിക പരീക്ഷാഫീസ് ഈടാക്കില്ലെന്നും ഇതിനകം അടച്ച ഫീസ് തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതിയ പരീക്ഷയ്ക്ക് മുമ്പ് പുതുക്കിയ അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വിവരങ്ങളില്‍ വിശ്വസിക്കാതെ എന്‍ടിഎയുടെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും വിദ്യാര്‍ത്ഥികളോട് അധികൃതര്‍ അറിയിച്ചു.