ഓപ്പറേഷന്‍ തൂഫാന്‍: വണ്ടിപ്പെരിയാറില്‍ അന്യസംസ്‌ഥാന തൊഴിലാളികളുടെ ക്യാമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് തിരച്ചില്‍

ഓപ്പറേഷന്‍ തൂഫാന്‍: വണ്ടിപ്പെരിയാറില്‍ അന്യസംസ്‌ഥാന തൊഴിലാളികളുടെ ക്യാമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് തിരച്ചില്‍

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വണ്ടിപ്പെരിയാറില്‍ അന്യസംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വ്യാപക തിരച്ചില്‍ നടത്തി. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമൃത സിങ് നായക് നേരിട്ടാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലും പരിസര പ്രദേശങ്ങളിലും അന്യസംസ്‌ഥാനങ്ങളില്‍ നിന്ന് വലിയ തോതില്‍ ലഹരിവസ്തുക്കള്‍ എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിലാണ് ഇതരസംസ്‌ഥാനക്കാര്‍ നടത്തുന്ന കടകളും അവര്‍ താമസിക്കുന്ന ലയങ്ങളും കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയത്.

മേഖലയില്‍ ലഹരി വിപണനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി പോലീസും എക്‌സൈസും സംയുക്തമായും അല്ലാതെയും നിരന്തര പരിശോധനകളാണ് നടത്തിവരുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ആളുകളെ ചോദ്യം ചെയ്യുകയും, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, മാരക ലഹരിമരുന്നുകള്‍ എന്നിവ കണ്ടെത്താനായി വ്യാപക തിരച്ചില്‍ തുടരുകയും ചെയ്യുന്നുണ്ട്.

അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങളും തോട്ടം മേഖലകളിലെ ലയങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.