പെൻസിൽ വരകളിൽ വിസ്മയം തീർത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി; ചിത്രകലയിൽ തനത് മികവുമായി സാൻ റോബട്ട്സൺ
ഏലപ്പാറ: പെൻസിലും റബ്ബറും മാത്രം ഉപയോഗിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടുകയാണ് ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഇലവനാംചെരുവിൽ സാൻ റോബട്ട്സൺ.
തന്റെ മുൻപിലിരിക്കുന്ന എന്തും നിമിഷങ്ങൾക്കുള്ളിൽ മനോഹരമായ ചിത്രങ്ങളാക്കി മാറ്റാനുള്ള കഴിവാണ് ഈ കൊച്ചു മിടുക്കന്റെ പ്രത്യേകത. മനുഷ്യരുടെയും മൃഗങ്ങളുടെയും വിവിധ വസ്തുക്കളുടെയും ചിത്രങ്ങൾ അതേപടി പകർത്തിയെന്നു തോന്നിക്കുന്ന രീതിയിൽ വരയ്ക്കുന്ന സാനിന്റെ കഴിവ് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.
പിതാവ് റോബട്ട്സണിൽ നിന്നാണ് സാനിന് ചിത്രരചനയുടെ ആദ്യപാഠങ്ങൾ ലഭിച്ചത്. പിതാവിന്റെ ചിത്രങ്ങൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് നാലാം ക്ലാസ് മുതലാണ് സാം വരയുടെ ലോകത്തേക്ക് കടന്നത്. പിന്നീട് സ്വന്തം കഴിവിലൂടെ പെൻസിൽ ഡ്രോയിങ്ങിൽ മികവ് തെളിയിക്കുകയായിരുന്നു.
ലോക്ഡൗൺ കാലത്താണ് ചിത്രരചനയിൽ സാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രകൃതിദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വരച്ച് കുടുംബാംഗങ്ങളുടെ പ്രശംസ നേടിയതോടെയാണ് ഈ മേഖലയോടുള്ള താൽപര്യം വർധിച്ചത്.
ചിത്രകല അഭ്യസിച്ചവരെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ ചിത്രങ്ങളാണ് സാനിന്റെ വിരൽത്തുമ്പിൽ വിരിയുന്നത്. മുൻപിലിരിക്കുന്ന വ്യക്തിയുടെ ചിത്രം ക്യാമറയിൽ പകർത്തിയതുപോലെ വരച്ചു നൽകുമ്പോൾ ആളുകൾ അത്ഭുതത്തോടെയാണ് ഈ കൊച്ചു കലാകാരനെ നോക്കുന്നത്.
ജന്മനാ ലഭിച്ച കഴിവാണ് തന്റെ ചിത്രരചനയുടെ കരുത്തെന്ന് സാം പറയുന്നു. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഭാവിയിൽ മികച്ച ചിത്രകാരനാകണമെന്നാണ് സാനിന്റെ ആഗ്രഹം.
കെട്ടിട നിർമ്മാണ തൊഴിലാളിയായ പിതാവ് റോബട്ട്സണും ദന്താശുപത്രി ജീവനക്കാരിയായ മാതാവ് എബിനിയും സാനിന്റെ കഴിവുകൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഇമ്മാനുവൽ, ഡാനിയേൽ എന്നിവർ സഹോദരങ്ങളാണ്.



