അണക്കരയില്‍ ഏഴാം ക്ലാസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ച സംഭവം ; പൊലീസ് കേസെടുത്തു
അധ്യാപകനോട് ഒരു മാസം നിർബന്ധിത അവധിയില്‍ പോകാന്‍ പിടിഎ നിര്‍ദേശിച്ചു
അണക്കര: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചെന്ന പരാതിയിൽ വണ്ടൻമേട് പോലീസ് കേസെടുത്തു. അണക്കര ഗവൺമെന്റ് സ്കൂളിലെ തമിഴ് മീഡിയം അധ്യാപകൻ ശിവകുമാറിനെതിരെയാണ് നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം പുറത്തുവന്നത്. കളിയാക്കിയെന്നാരോപിച്ച് അധ്യാപകൻ ചൂരൽ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ തുടയിലും ശരീരത്തിലും അടിക്കുകയും മുഖത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
പിന്നീട് പരാതിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചെങ്കിലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ പിടിഎ നടത്തിയ അന്വേഷണത്തിൽ, ക്ലാസ് മുറിയിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അധ്യാപകൻ പലതവണ വടികൊണ്ട് അടിച്ചതായി കുട്ടികൾ മൊഴി നൽകിയതായി അറിയിച്ചു. കൂടാതെ സംഭവം പ്രധാനാധ്യാപകനെ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായതായും കണ്ടെത്തി.
ഇതേത്തുടർന്ന് അധ്യാപകനോട് ഒരുമാസം നിർബന്ധിത അവധിയിൽ പോകാൻ പിടിഎ നിർദേശം നൽകി. അധ്യാപകന്റെ അഭാവത്തിൽ താൽക്കാലിക അധ്യാപകനെ നിയമിച്ച് ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.



