സ്വർണവില ഇടിയുമെന്ന ഭീതിയിൽ കുടുംബങ്ങൾ കൈവശമുള്ള സ്വർണം വിൽക്കുന്നു; മൂന്ന് മാസത്തിനിടെ വിപണിയിലെത്തിയത് 50 ടൺ പഴയ സ്വർണം
എറണാകുളം: സ്വർണവിലയിൽ വലിയ ഇടിവുണ്ടാകുമെന്ന ആശങ്കയെ തുടർന്ന് കുടുംബങ്ങൾ കൈവശമുള്ള സ്വർണം വൻതോതിൽ വിറ്റഴിക്കുന്നതായി റിപ്പോർട്ട്. ബുള്ളിയൻ ആൻഡ് ജുവല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസ കാലയളവിൽ മാത്രം 50,000 കിലോഗ്രാം (50 ടൺ) സ്വർണമാണ് വിപണിയിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 43 ശതമാനം കൂടുതലാണ്.
സംസ്ഥാനത്ത് സ്വർണവില റെക്കോഡ് ഉയരമായ പവന് 1.20 ലക്ഷം രൂപ നിലവാരത്തിലെത്തിയതിന് പിന്നാലെയാണ് വിൽപ്പന വർധിച്ചത്. റെക്കോഡ് നിരക്കിൽ എത്തിയ ശേഷം വില താഴ്ന്നതോടെ കൂടുതൽ ആളുകൾ വിൽപ്പനയ്ക്ക് തയ്യാറായതായി വ്യാപാര മേഖല വിലയിരുത്തുന്നു.
പഴയ സ്വർണം കൂടുതലായി വിപണിയിലെത്തുന്നത് രാജ്യത്തിന്റെ സ്വർണ ഇറക്കുമതി ആവശ്യകത കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. രാജ്യത്തെ കുടുംബങ്ങളുടെ കൈവശം 30,000 ടണ്ണിലധികം സ്വർണമുണ്ടെന്നാണ് കണക്ക്.
2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 72.4 ബില്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിട്ടുണ്ട്. 2025ൽ 125 മുതൽ 150 ടൺ വരെ പഴയ സ്വർണം വിപണിയിലെത്തിയപ്പോൾ, നിലവിലെ വിൽപ്പന പ്രവണത തുടർന്നാൽ 2026ൽ ഇത് 200 മുതൽ 250 ടൺ വരെ ഉയർന്നേക്കുമെന്നാണ് വിപണി വിലയിരുത്തൽ.



