സഹകരണ മേഖലയിൽ വിമാന കമ്പനി; കോ-കേരള ആഭ്യന്തര സർവീസിന് ഒരുങ്ങുന്നു
സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി എന്ന ലക്ഷ്യവുമായി കോ-കേരള പുതിയ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു.
ആദ്യഘട്ടത്തിൽ വാടകയ്‌ക്കെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് രണ്ട് സർവീസുകളാണ് ആരംഭിക്കാൻ പദ്ധതിയിടുന്നത്. പദ്ധതിക്കായി 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാന കമ്പനി പദ്ധതിക്ക് സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും, പദ്ധതി സംബന്ധിച്ച് സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വിജയകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായുള്ള സംവിധാനമായിരിക്കും നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.



