അർഹരായവർക്ക് പട്ടയം നൽകുന്നതിന് മുൻഗണന; രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി
ഏറ്റവും അർഹരായവർക്ക് പട്ടയം നൽകുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. നിയമസഭയിലെ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
രണ്ടാം ഭൂപരിഷ്കരണ നിയമം സർക്കാർ ഏറ്റവും ശക്തമായി നടപ്പിലാക്കുമെന്നും, ഒന്നാം ഭൂപരിഷ്കരണത്തിന്റെ ഗുണഫലം ലഭിക്കാത്ത ആളുകൾക്ക് പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുന്നതിന് ഭൂമി സംബന്ധമായ നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമവുമാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഭൂമി കൈയേറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൈയേറ്റം വ്യക്തമായിട്ടും നടപടി സ്വീകരിക്കാതെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും ന്യായവില ഏകീകരണത്തിനുമായി സർക്കാർ നടപടികൾ സ്വീകരിക്കും. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ അർഹമായവ വേഗത്തിൽ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 10 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു.



