അനധികൃത പാർക്കിങ്ങിൽ വീർപ്പുമുട്ടി കുമളി ടൗൺ; ഗതാഗത പരിഷ്‌കരണത്തിന് ആവശ്യം ശക്തം

അനധികൃത പാർക്കിങ്ങിൽ വീർപ്പുമുട്ടി കുമളി ടൗൺ; ഗതാഗത പരിഷ്‌കരണത്തിന് ആവശ്യം ശക്തം

കുമളി: ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെ അനധികൃത വാഹന പാർക്കിങ്ങും ക്രമരഹിതമായ ബസ് സ്റ്റോപ്പുകളും കുമളി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി പരാതി. പഞ്ചായത്ത്, പോലീസ് എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ പാർക്കിങ് സംവിധാനങ്ങളും ബസ് സ്റ്റോപ്പുകളും നിശ്ചിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.

ടൗണുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ തോന്നുംവിധമുള്ള വാഹന പാർക്കിങ്ങാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം. തമിഴ്‌നാട്ടിലേക്ക് ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ വോൾവോ ബസുകൾ അതിർത്തി മേഖലയിലേക്ക് എത്തുന്നതും ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതും തിരക്ക് വർധിപ്പിക്കുന്നു. ടാക്സി വാഹനങ്ങൾക്ക് കൃത്യമായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ തേക്കടി റോഡിലടക്കം ക്രമരഹിതമായ പാർക്കിങ്ങാണ് കാണുന്നത്.

Slide 1
Slide 2
Slide 3
Slide 4

സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നതും ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. തേക്കടി കവല മുതൽ ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ട് വരെയുള്ള ഭാഗത്താണ് അനധികൃത പാർക്കിങ് കൂടുതലായി അനുഭവപ്പെടുന്നത്.

ദേശീയപാതയിലെ തേക്കടി കവല, പോസ്റ്റ് ഓഫീസ് ജംക്‌ഷൻ, ആനവച്ചാൽ ജംക്‌ഷൻ, എസ്‌ബിഐ റോഡ്, ഗ്രേസ് തീയറ്റർ ബൈപാസ് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ ഏത് സമയത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ദേശീയപാത 183-ലെ കുമളി ടൗണിനെ ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുകയാണ്.

ഗതാഗത നിയന്ത്രണത്തിനായി പ്രധാന ഭാഗങ്ങളിൽ ഹോം ഗാർഡുകളെ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കമ്പംമെട്ട് റോഡ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചതോടെ കുമളി ടൗണിലെ ഗതാഗത സമ്മർദം വർധിച്ചു. പോസ്റ്റ് ഓഫീസ് ജംക്‌ഷനിലെ തിരക്ക് കുമളി-മൂന്നാർ റോഡിൽ ഒന്നാം മൈൽ വരെ നീളുന്ന സാഹചര്യമുണ്ട്.

ഒന്നാം മൈലിൽ പിക്‌അപ്പ് വാഹനങ്ങൾ തിരക്കേറിയ ജംക്‌ഷൻ ഭാഗത്ത് പാർക്ക് ചെയ്യുന്നതും പ്രശ്നമാകുന്നു. ഇവയ്ക്ക് പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.

ഒന്നാം മൈലിലെ നാലുകൂടിയ കവലയിലാണ് നിലവിലെ ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. കവലയിൽ തന്നെ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ബസ് സ്റ്റോപ്പ് കവലയിൽ നിന്ന് 200 മീറ്റർ അകലേക്ക് മാറ്റിയാൽ അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ടൗണിലെ ദേശീയപാതയിൽ നിന്നും കുമളി-മൂന്നാർ റോഡിലേക്കുള്ള പ്രവേശന ഭാഗത്തെ ബസ് സ്റ്റോപ്പും അപകട ഭീഷണിയുയർത്തുന്നതായാണ് പരാതി. ക്ഷേത്രപടി ഭാഗത്ത് ദേശീയപാതയിലും കുമളി-മൂന്നാർ റോഡിലുമായി ബസുകൾ നിർത്തുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.

പഞ്ചായത്തും പോലീസും ചേർന്ന് ടാക്സി, ഓട്ടോറിക്ഷ പാർക്കിങ് സംവിധാനങ്ങളും ബസ് സ്റ്റോപ്പുകളും അടിയന്തരമായി പുനഃക്രമീകരിക്കണമെന്നാണ് പൊതുജന ആവശ്യം.