അടിസ്ഥാന സൗകര്യ വികസനം കാത്ത് ഉറുമ്പിക്കര; വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം

കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : ജോർജുകുട്ടി ഏലപ്പാറ

അടിസ്ഥാന സൗകര്യ വികസനം കാത്ത് ഉറുമ്പിക്കര; വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം

ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമമായ ഉറുമ്പിക്കര വികസന പ്രതീക്ഷകളുമായി മുന്നോട്ട് പോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ വലിയ വെല്ലുവിളിയാകുന്നു. ഏലപ്പാറ പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്ന ഉറുമ്പിക്കര പ്രകൃതിരമണീയമായ കാഴ്ചകളാൽ സമ്പന്നമാണ്.

വിനോദസഞ്ചാര വികസനത്തിന് മുൻഗണന നൽകിയിട്ടുണ്ടെങ്കിലും മൊബൈൽ റേഞ്ച് ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രദേശവാസികളും സഞ്ചാരികളും നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളാണ്. നിരവധി വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതി കാഴ്ചകളും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4

സ്വകാര്യ റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും, കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1800 അടി ഉയരത്തിലുള്ള ഉറുമ്പിക്കരയിലെത്താൻ നിലവിൽ ഓഫ് റോഡ് ജീപ്പ് യാത്രയാണ് പ്രധാന ആശ്രയം.

റോഡ് വികസനം, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) നിയന്ത്രണത്തിലുള്ള താമസ സൗകര്യങ്ങൾ എന്നിവ ഒരുക്കി ഉറുമ്പിക്കരയെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചാൽ കൊക്കയാർ പഞ്ചായത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കാർഷിക മേഖലയ്ക്കും കൂടുതൽ കരുത്ത് പകരാൻ സാധിക്കും.

തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും പ്രദേശത്തിന്റെ വികസനത്തിനും ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാകുന്നു.