റീട്ടെയിൽ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിനുള്ള വിലക്ക് നീക്കും; വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം
ഇന്ധനക്ഷാമവും പൂഴ്ത്തിവയ്പും തടയുന്നതിനായി വ്യാവസായിക, വാണിജ്യ സ്ഥാപന ഉപഭോക്താക്കൾ റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ബുധനാഴ്ച മുതൽ നീക്കും.
ഒരു വാഹനത്തിന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം നൽകുകയും വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടയുകയും ചെയ്തുകൊണ്ടാണ് ജൂൺ 12ന് പെട്രോളിയം മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തെ തുടർന്ന് ബൾക്ക് ഡീസലിനേക്കാൾ ലിറ്ററിന് ഏകദേശം 40 രൂപ വരെ കുറഞ്ഞ നിരക്കിലായിരുന്നു റീട്ടെയിൽ പമ്പുകളിൽ ഇന്ധനം ലഭിച്ചിരുന്നത്. ഇതോടെ വൻകിട വ്യവസായ സ്ഥാപനങ്ങളും ഗതാഗത ഓപ്പറേറ്റർമാരും പൊതുമേഖലാ എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പശ്ചിമേഷ്യൻ പ്രതിസന്ധി കുറഞ്ഞതും ആഗോള തലത്തിൽ ഇന്ധനവിലയിൽ ഉണ്ടായ കുറവുമാണ് നിയന്ത്രണം പിൻവലിക്കാൻ കാരണമായത്. വാണിജ്യ എൽപിജി ഉപയോഗവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണവും കേന്ദ്ര സർക്കാർ നേരത്തെ നീക്കിയിരുന്നു.



