102 ന്റെ നിറവിൽ അയ്യനെ തൊഴുത് പാറുക്കുട്ടി
ശബരിമല: പ്രായത്തെ തോൽപ്പിച്ച ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തോടെ 102-ാം വയസിൽ പാറുക്കുട്ടി മുത്തശ്ശി ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശന പുണ്യം നേടി. പതിനെട്ടാംപടി കയറി ദർശനം നടത്തിയത് മുത്തശ്ശിയുടെ മൂന്നാമത്തെ ശബരിമല തീർത്ഥാടനം കൂടിയാണ്.
2023ൽ 100-ാം വയസിൽ കന്നി മാളികപ്പുറമായി ശബരിമലയിൽ എത്തിയാണ് പാറുക്കുട്ടി മുത്തശ്ശി ആദ്യമായി അയ്യപ്പനെ തൊഴുതത്. തുടർന്ന് കഴിഞ്ഞ വർഷവും ഈ വർഷവും സന്നിധാനത്തെത്തി. പതിനെട്ടാംപടി വരെ ഡോളിയിലാണ് മുത്തശ്ശിയെ എത്തിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പടി കയറി സന്നിധാനത്ത് ദർശനം നടത്തി.
സുഖമായി അയ്യപ്പനെ തൊഴാൻ കഴിഞ്ഞതായും പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സഹായം ദർശനം സുഗമമാക്കിയതായും പാറുക്കുട്ടി മുത്തശ്ശി പറഞ്ഞു.
വയനാട് മീനങ്ങാടിക്ക് സമീപം കോളേരി സ്വദേശിയാണ് പാറുക്കുട്ടി. പേരക്കുട്ടികളും ബന്ധുക്കളും ശബരിമലയാത്രയ്ക്ക് തയ്യാറാകുമ്പോൾ പേരമകൻ ഗിരീഷ് കുമാർ മുത്തശ്ശിയോടും ഒപ്പം വരുമോയെന്ന് ചോദിച്ചതോടെയാണ് 2023ൽ ആദ്യമായി മലകയറാൻ തീരുമാനിച്ചത്. ഇത്തവണ പേരക്കുട്ടികളും ബന്ധുക്കളുമടക്കം 12 അംഗ സംഘത്തോടൊപ്പമാണ് മുത്തശ്ശി മലകയറിയത്. 19ന് രാവിലെ കോളേരി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് യാത്ര ആരംഭിച്ചത്.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട സ്വന്തം ജീവിതാനുഭവം സിനിമയിലും അവതരിപ്പിച്ചിരിക്കുകയാണ് പാറുക്കുട്ടി മുത്തശ്ശി. ഏറ്റുമാനൂർ സ്വദേശി വിശ്വ തേജസ് സംവിധാനം ചെയ്യുന്ന ‘രുദ്രന്റെ നീരാട്ട്’ എന്ന ചിത്രത്തിലാണ് മുത്തശ്ശി അഭിനയിച്ചിരിക്കുന്നത്. 100-ാം വയസിൽ ശബരിമല തീർത്ഥാടനം നടത്തുന്ന വേഷം തന്നെയാണ് സിനിമയിലും മുത്തശ്ശി അവതരിപ്പിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രമേയം ചർച്ച ചെയ്യുന്ന ചിത്രം അടുത്ത മാർച്ചിൽ റിലീസ് ചെയ്യും.






